World

ആകാശത്തില്‍ പൊരിഞ്ഞ അടി വൈറല്‍ ?: യാത്രക്കാര്‍ തമ്മിലെ കൈയ്യാങ്കളി ഫ്‌ളൈറ്റില്‍ വെച്ച്

അടിയെന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ വേണം. വിവാഹം സ്വര്‍ഗത്തില്‍വെച്ച് നടക്കുന്നു എന്നൊക്കെ പറയുമ്പോലെ തമ്മിലടി അങ്ങ് ആകാശത്തുവെച്ചു നടന്നു. അതും മേഘങ്ങള്‍ക്കിടയില്‍വെച്ച്. ലണ്ടനില്‍ നിന്ന് ബംഗ്ലദേശിലേക്ക് പോവുകയായിരുന്ന ബിമാന്‍ ബംഗ്ലദേശ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മിലായിരുന്നു കയ്യാങ്കളി. സഹയാത്രക്കാര്‍ നോക്കിനില്‍ക്കെ രണ്ട് യാത്രക്കാര്‍ പരസ്പരം അടി കൂടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തമ്മിലടി കണ്ടതോടെ ആരോ എടുത്ത വീഡിയോയാണ് എക്‌സില്‍ വൈറലായിരിക്കുന്നത്.

വിമാനം പറന്നുകൊണ്ടിരിക്കുമ്പോള്‍ രണ്ട് യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നു ‘ധാക്ക ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു. അടിക്കിടയില്‍ ഒരു യാത്രക്കാരന്റെ ഷര്‍ട്ട് കീറുന്നതും ദൃശ്യങ്ങളിലുണ്ട്. വിമാന ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും പിടിച്ചു മാറ്റി. തര്‍ക്കത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ ധാക്ക ട്രിബ്യൂണിനോട് പറഞ്ഞു.

മുന്നിലെ സീറ്റിലിരുന്ന കറുത്ത ടീ ഷര്‍ട്ടുകാരന്‍ പിന്നിലെ സീറ്റിലിരുന്ന ആളെ എഎണീറ്റു നിന്ന് മര്‍ദ്ദിക്കുന്നതു കാണാം. തുടര്‍ന്ന് പിന്നിലിരുന്ന ആള്‍ കറുത്ത ടീ ഷര്‍ട്ടുകാരനെ ഇടിക്കുന്നുണ്ട്. തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും ഇടിക്കുമ്പോള്‍ കറുത്ത ടീ ഷര്‍ട്ടുകാരനെ വലിച്ച് പുറകിലേക്കിട്ട് ഇടിക്കുകന്നുണ്ട്. തുടര്‍ന്നാണ് ഷര്‍ട്ട് വലിച്ചു കീറുന്നത്. പകുതി കീറിയ ഷര്‍ട്ടുമിട്ട് സീറ്റിലിരുന്ന് പുറകിലിരിക്കുന്ന ആളെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. അപ്പോഴേക്കും എല്ലാ യാത്രക്കാരും ഞഞെട്ടിയെണീറ്റ് തമ്മിലടിക്കുന്നവരുടെ സമീപത്തേക്കു പോകുന്നുണ്ട്. ആകാശത്തു വെച്ചുള്ള സംഘട്ടനം യാത്രയെ ബാധിക്കുമോ എന്നആശങ്ക മറ്റു യാത്രക്കാര്‍ക്കുണ്ടായിരുന്നു.

കാരണം, വിമാനം പറക്കുമ്പോഴാണ് ഈ സംഘട്ടനം നടക്കുന്നത്. വിമാനത്തിന്റെ യാത്രയ്ക്ക് എന്തെങ്കിലും പ്രശ്‌നം വരുമോ എന്നായിരുന്നു യാത്രക്കാരുടെ ആശങ്ക. രണ്ടുപേരെയും സാമാധാനിപ്പിക്കാന്‍ മറ്റു യാത്രക്കാര്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ പിന്നിലിരുന്ന യാത്രക്കാരന്‍ എണീറ്റ് കറുത്ത ടീഷര്‍ട്ടുകാരനെ അടികൂടാന്‍ വെല്ലുവിളിക്കുന്നുണ്ടായിരുന്നു.