കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം ഓരോ ക്ലാസിലും അവർ ആർജിക്കേണ്ട പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകരെ മെന്റർമാരായി നിയോഗിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
അക്കവും അക്ഷരവും ഉറപ്പിക്കുന്നതിന് പുറമേ, ഓരോ ക്ലാസിലും വിദ്യാർഥി നേടേണ്ട പഠനനിലവാരം എന്താണെന്ന് അധ്യാപകർക്ക് കൃത്യമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. 20 മുതൽ 25 കുട്ടികളുടെ പഠനനിലവാരം നിരീക്ഷിക്കുന്നതിനായി ഒരു മെന്റർ ടീച്ചറെ ചുമതലപ്പെടുത്താനാണ് ആലോചിക്കുന്നത്.
ക്ലാസ് ടീച്ചർമാരെന്നോ വിഷയാധ്യാപകരെന്നോ വ്യത്യാസമില്ലാതെ ഇതിനായി അധ്യാപകരെ നിയോഗിക്കും. ഓണപ്പരീക്ഷയിലെ കുട്ടികളുടെ മാർക്കും പ്രകടനവും അടിസ്ഥാനമാക്കി മെന്റർമാരെ നിശ്ചയിക്കുകയും, ഈ വിവരങ്ങൾ കൈറ്റിന്റെ മേൽനോട്ടത്തിൽ ഓൺലൈനായി ക്രോഡീകരിക്കുകയും ചെയ്യും.
കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണ സ്‌കൂൾതലത്തിൽ തന്നെ ആവിഷ്‌കരിക്കുമെന്നും, ഈ പ്രവർത്തനങ്ങൾ നിശ്ചിത ഇടവേളകളിൽ വിദ്യാഭ്യാസ ഓഫീസർമാർ വിലയിരുത്തുമെന്നും അധികൃതർ അറിയിച്ചു. ‘താരാപഥം’ എന്ന ഏകീകൃത ഡാഷ്‌ബോർഡ് വഴിയായിരിക്കും ഇതിന്റെയെല്ലാം ഏകോപനം.
സമ്പൂർണ, സമ്പൂർണ പ്ലസ്, സഹിതം, സമഗ്ര, സമന്വയ തുടങ്ങിയ വിവിധ പോർട്ടലുകളിൽ പ്രത്യേകം ലോഗിൻ ചെയ്യാതെ തന്നെ വിവരങ്ങൾ ലഭ്യമാക്കുന്ന എ.ഐ. സഹായത്തോടെയുള്ള ഏകജാലകമാണ് ‘താരാപഥം’.
കൂടാതെ അധ്യാപകർക്ക് ഓൺലൈനായി ആശയവിനിമയം നടത്തുന്നതിനായി ‘സമഗ്ര കാൻവാസ്’ എന്ന വൈറ്റ് ബോർഡും സജ്ജീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് വ്യക്തമാക്കി.















