സർക്കാർ കോളജുകളിൽ നിന്നുള്ള പഠന-വിനോദസഞ്ചാര യാത്രകളിൽ വിദ്യാർഥികൾ റീൽസ് ചിത്രീകരിക്കുന്നതിനും സെൽഫിയെടുക്കുന്നതിനും കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തി.
വിനോദസഞ്ചാര മേഖലകളിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
വിനോദസഞ്ചാരം 5 ദിവസത്തിൽ കൂടാൻ പാടില്ലെന്നും യാത്രയ്ക്കു മുൻപ് രക്ഷിതാക്കളുടെ സമ്മതപത്രവും വിദ്യാർഥികളുടെ സത്യവാങ്മൂലവും ശേഖരിക്കണമെന്നും നിർദേശിച്ചു. ഉത്തരവു ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്.
അപകടങ്ങൾ ഒഴിവാക്കാനാണു പുതിയ നിർദേശങ്ങളെന്നാണു വിശദീകരണം. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ വിനോദസഞ്ചാര മേഖലകളിൽ മലയാളികൾ ഉൾപ്പെടെയുള്ള കോളജ് വിദ്യാർഥികൾ മുങ്ങി മരിച്ചത് അടക്കം കണക്കിലെടുത്താണു നിയന്ത്രണം.















