ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിൽ താൻ നടത്തിയ പരാമർശം നടൻ വിജയ്‌യെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് വ്യക്തമാക്കി വിജയ് സേതുപതി. ഷോയിലെ മത്സരാർത്ഥിയോട് നടത്തിയ സംസാരിക്കുകയായിരുന്നു താനെന്നും പുറത്തുള്ള വ്യക്തികളെക്കുറിച്ചല്ല സംസാരിച്ചതെന്നും താരം പറഞ്ഞു. വരാനിരിക്കുന്ന ചിത്രം ‘ബത്ത’യുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സേതുപതിയുടെ ഈ തുറന്നുപറച്ചിൽ.
ബിഗ് ബോസ് തമിഴ് 10ലെ ഒരു എപ്പിസോഡിൽ മത്സരാർത്ഥിയോട് വിജയ് സേതുപതി നടത്തിയ പരാമർശമാണ് വിവാദമായത്. “വിവേകപൂർണ്ണമല്ലാത്ത വാഗ്ദാനങ്ങൾ നൽകിയ ശേഷം, പ്രശ്‌നങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടാകുമ്പോൾ എതിർപക്ഷത്തെ കുറ്റപ്പെടുത്തി ഒളിച്ചോടുന്നത് നേതൃത്വമല്ല; അതൊരു വഞ്ചനയാണ്” എന്നായിരുന്നു പരാമർശം. ഇത് തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ്‌യുടെ ഭരണരീതിയെ പരോക്ഷമായി വിമർശിക്കുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ തന്റെ പരാമർശത്തിന് വിജയ്‌യുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിജയ് സേതുപതി ഇപ്പോൾ വ്യക്തമാക്കുന്നത്. മത്സരാർത്ഥിയോട് മാത്രമായിരുന്നു താൻ അക്കാര്യം പറഞ്ഞതെന്നും പുറത്തുള്ള വ്യക്തികളെക്കുറിച്ചല്ല സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരാമർശത്തിന് പിന്നാലെ സേതുപതി രാഷ്ട്രീയ ലക്ഷ്യത്തോടെ വിജയ്‌യുടെ നേതൃത്വത്തെ വിമർശിച്ചെന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
അതേസമയം, ‘മാസ്റ്റർ’ സിനിമയിൽ വിജയ്‌ക്കൊപ്പം വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്. ‘ബത്ത’യുടെ ഓഡിയോ ലോഞ്ചിൽ വിജയ്‌യെക്കുറിച്ചും അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയിനെക്കുറിച്ചും സേതുപതി സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തു.
ഇതോടെയാണ് ബിഗ് ബോസ് പരാമർശവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാഖ്യാനങ്ങൾക്ക് താരം നേരിട്ട് വിശദീകരണം നൽകിയത്.