കേരള-തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും തുടർച്ചയായി മോഷണം നടത്തിയിരുന്ന രണ്ട് പ്രധാന പ്രതികളെ പളുകൽ പോലീസ് പിടികൂടി.
അണ്ടുകോട് ചെമ്പ്രവിള സ്വദേശി രഘു (48), പേയാട് സ്വദേശി ശിവപ്രസാദ് (45) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇരുവരും.
തമിഴ്‌നാട് പോലീസിന്റെ രാത്രികാല പട്രോളിംഗിനിടെ റോഡരികിലെ ഇടവഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിന്ന പ്രതികളെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അതിർത്തി മേഖലകളെ മോഷണ പരമ്പരയിലെ പ്രതികളാണെന്ന് വ്യക്തമായത്.
പാറശാല, പളുകൽ പോലീസ് സ്റ്റേഷൻ അതിർത്തികളിലായി 14-ഓളം കേസുകളിൽ ഇവർ പ്രതികളാണ്. തമിഴ്‌നാട്ടിൽ ജയിൽശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ ഇരുവരും കേരള-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് വീണ്ടും മോഷണം നടത്തുകയായിരുന്നു.
പളുകൽ എസ്.ഐ. വിൽസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.