8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി രംഗത്ത്.
യാതൊരുവിധ അക്കാഡമിക് ചർച്ചകളും കൂടാതെയാണ് ഈ തീരുമാനമെന്നും ഇത് പൊതുവിദ്യാഭ്യാസത്തെ പിന്നോട്ട് വലിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
മിനിമം മാർക്ക് ഒഴിവാക്കിയതോടെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും. എഴുതാനും വായിക്കാനും അറിയാത്തവർ പത്താം ക്ലാസിൽ എ പ്ലസ് നേടുന്നതായി വിമർശനം ഉയർന്നതോടെയാണ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ എൽഡിഎഫ് സർക്കാർ മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിയത്.
ആദ്യം എട്ടാം ക്ലാസിലും പിന്നീട് ഒമ്പതാം ക്ലാസിലും ഇത് നിർബന്ധമാക്കി. വിദ്യാർത്ഥികളെ കൈപിടിച്ച് ഉയർത്താൻ ശ്രമിച്ച, ദേശീയ അടിസ്ഥാനത്തിൽ തന്നെ അംഗീകാരം ലഭിച്ച ഈ പരിപാടിയാണ് ഇപ്പോൾ പിൻവലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സബ്ജക്ട് മിനിമം ഒഴിവാക്കുന്നതോടെ പരീക്ഷയ്ക്ക് 5 മാർക്ക് നേടിയാലും ജയിക്കാം എന്ന അപകടകരമായ അവസ്ഥയിലേക്ക് കുട്ടികളെ തള്ളിവിടുകയും വിദ്യാർത്ഥികളുടെ ഭാവിവെച്ച് പന്താടുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.















