ഇടുക്കി വട്ടവട കൊട്ടക്കമ്പൂർ വെള്ളപ്പാച്ചിലിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മരണപ്പെട്ടവർക്ക് ധനസഹായ നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് നാളെ 11 മണിക്ക് ജില്ലയിൽ എത്തും. ഉച്ചയ്ക്കുശേഷം അവലോകനയോഗം ചേരും. ദുരിതത്തിൻ്റെ അടിയന്തര സാഹചര്യം റവന്യൂ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള അടിമാലിയിലെ ആശുപത്രിയിൽ മന്ത്രി അനൂപ് ജേക്കബ് സന്ദർശനം നടത്തി ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടർനടപടികൾ വിലയിരുത്തും.
കൊട്ടക്കമ്പൂരിലുണ്ടായ മഴക്കെടുതിയിൽ രണ്ടു പേരാണ് മരിച്ചത്. ബാലകൃഷ്ണൻ പെരുമാൾ, ബന്ധുവായ ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മാളിനെ ആശുപത്രിയിലേക്ക് മാറ്റി. മണ്ണും വെള്ളവും ഒഴുകിയെത്തി ഇവർ വിശ്രമിച്ചിരുന്ന ഷെഡ് തകർന്നുവീണാണ് അപകടമുണ്ടായത്. മരണ കാരണം വൈദ്യുതാഘാതമെന്ന് പ്രാഥമിക നിഗമനം. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് അപകടമുണ്ടായത്. കൃഷി സ്ഥലത്ത് വിശ്രമത്തിനായി നിർമ്മിച്ച ഷെഡ്ഡ് മണ്ണൊലിച്ച് വന്ന് തകരുകയായിരുന്നു. മൂന്ന് പേരും ഷെഡിനകത്ത് ഉണ്ടായിരുന്നു. സമീപപ്രദേശങ്ങളിൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
Story Highlights : Minister Anoop Jacob says the government would bear the treatment expenses of those injured in Vattavada accident















