പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെയുള്ള ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് വി. ശിവൻകുട്ടി രംഗത്ത്. ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണെന്നും തെളിവുകൾ ഇല്ലെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി വരെ എടുത്തുകളഞ്ഞ കേസായതിനാൽ ഇത് പൂർണമായും രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമാണെന്നും, കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്തുന്നത് അംഗീകരിക്കില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എം.എ. ബേബി മലയാള മനോരമയ്ക്ക് നൽകിയ ലേഖനത്തെക്കുറിച്ചും ശിവൻകുട്ടി പ്രതികരിച്ചു. പാർട്ടിയുടെ നയം ജനറൽ സെക്രട്ടറിയാണ് പറയുന്നതെന്നും, തിരഞ്ഞെടുപ്പിലെ ജയവും തോൽവിയും സ്വാഭാവികമാണെങ്കിലും തോൽവിയുടെയും ജയത്തിന്റെയും ആഴം പരിശോധിച്ച് മുന്നോട്ടുപോകുന്നതാണ് സിപിഎമ്മിന്റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
തോൽവി ഉണ്ടാകില്ല എന്ന് കരുതിയവരാണ് തങ്ങളെന്നും, എന്തുകൊണ്ട് തോൽവി ഉണ്ടായി എന്ന് പരിശോധിച്ച് തെറ്റിദ്ധാരണകൾ മാറ്റി പാർട്ടിയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
ജനങ്ങൾ ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണെന്നും എന്തെങ്കിലും കുറവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്നതാണ് വിശാല സംസ്ഥാന സമിതിയുടെ തീരുമാനമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ഈ തീരുമാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുമെന്നും പാർട്ടിക്ക് വലിയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















