മന്ത്രിമാരുടെ വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. പ്രതിപക്ഷം വിദേശത്തേക്ക് പോയതുപോലെയല്ല തങ്ങൾ പോയതെന്നും, ഈ യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ഇത് ഏത് കാലമാണെന്നും ചോദിച്ച മന്ത്രി, തന്റെ വയസ്സ് 37 ആണെന്നും ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. കൂടാതെ, തന്റെ വിദേശ യാത്ര സർക്കാർ ചെലവിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ അന്വേഷണത്തിനായി ഇന്റർപോളിന്റെ സഹായം തേടേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. കായിക വകുപ്പിലെ ക്രമക്കേടുകൾ കണ്ടെത്താൻ നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തും. സ്റ്റേഡിയങ്ങളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും താൽപ്പര്യമുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. മെസ്സിയുടെ പേരിൽ കോടികളും ലക്ഷങ്ങളുമാണ് വെറുതെ സമാഹരിച്ചത്. മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, റിപ്പോർട്ടർ ടി.വി പ്രതിയായാൽ എല്ലാ സ്ഥലവും പരിശോധിക്കുമെന്നും, ന്യൂസ് റൂമിൽ അർഹതപ്പെട്ടവരെ ഇരുത്തണമെന്നും അല്ലാത്തപക്ഷം ഇത്തരം കാര്യങ്ങൾ ഉണ്ടാകുമെന്നും മന്ത്രി ഒ.ജെ. ജനീഷ് അഭിപ്രായപ്പെട്ടു.















