സൗദി അറേബ്യയിൽ ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വെള്ളമൊഴുക്കുള്ള സ്ഥലങ്ങളിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്ന് സിവിൽ ഡിഫൻസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മലവെള്ളപ്പാച്ചിലിനും വെള്ളക്കെട്ടുകൾക്കും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുനിൽക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഈ ഒക്ടോബർ മാസം മുതൽ നവംബർ വരെ സൗദി അറേബ്യയുടെ മിക്കയിടങ്ങളിലും ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു.
റിയാദ്, ഖസീം, ഹായിൽ, കിഴക്കൻ പ്രവിശ്യ, തബൂക്ക് ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ മേഖലകളിലും മഴ ലഭിച്ചേക്കാം.
താഴ്‌വരകളിലേക്കും നീർത്തടങ്ങളിലേക്കുമുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.















