ബുധനാഴ്ച നടക്കുന്ന ബ്രസീൽ ലെജൻഡ്സ് – ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്തും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ആവേശപ്പോര്. ബുധനാഴ്ച രാത്രി 7.30 മുതലാണ് പോരാട്ടം.
മത്സരശേഷം തിരികെ പോകുന്ന ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് രാത്രി 9നും 10നും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തും. കൂടാതെ ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്ബൈ ഉണ്ടാകും. കലൂർ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാത്രി 8 മുതൽ 11:30 വരെ 8 അധിക ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും.
തിരിച്ചു പോകുമ്പോഴുള്ള തിരക്ക് ഒഴിവാക്കാൻ, വരുമ്പോൾ തന്നെ റിട്ടേൺ ക്യുആർ ടിക്കറ്റുകൾ എടുക്കാൻ മെട്രോ അധികൃതർ അഭ്യർഥിച്ചു. ഈ ടിക്കറ്റ് ഉപയോഗിച്ച് നേരിട്ട് എഎഫ്സി ഗേറ്റുകൾ വഴി പ്രവേശിക്കാം.















