India

ചെക്ക് കേസിന്റെ പിന്നിലെ രഹസ്യം ഇതോ ?: അംബിക രാധ തര്‍ക്കത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസമാണ് നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണവുമായി നടി രാധ രംഗത്തെത്തിയത്. ഒപ്പിട്ടു വെച്ചിരുന്ന അഞ്ച് ചെക്കുകള്‍ കൈക്കലാക്കി തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 50 കോടി രൂപയോളം തട്ടിയെടുത്തെന്നാണ് രാധയുടെ ആരോപണം. ഇതുസംബന്ധിച്ച് നടി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. രാധ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വല്‍സരവാക്കത്തെ വീട്ടില്‍ ഓഫിസ് ആവശ്യങ്ങള്‍ക്കായി ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകളാണ് സഹോദരങ്ങള്‍ കൈക്കലാക്കിയതെന്നാണ് രാധയുടെ പരാതി.

കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് 46 കോടി രൂപ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. അംബികയും മല്ലികാര്‍ജുനും സമീപത്തു തന്നെ താമസിക്കുന്നതിനാല്‍ വീട്ടിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുമായിരുന്നുവെന്നും രാധ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ചെക്കുകള്‍ ദുരുപയോഗം ചെയ്താണ് പണം പിന്‍വലിച്ചതെന്നാണ് ആരോപണം. എന്നാല്‍, രാധയുടെ ആരോപണം തള്ളിക്കൊണ്ട് അംബിക രംഗത്തെത്തി. കുടുംബസ്വത്ത് തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പരാതി ഉയര്‍ന്നതെന്നാണ് അംബികയുടെ വിശദീകരണം.

ചെന്നൈയിലെ കുടുംബ വകയായ ‘എ.ആര്‍.എസ്’ ഗാര്‍ഡന്‍സുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായുള്ള ചെക്കിനെക്കുറിച്ചാണ് രാധ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നാണ് അംബിക പറയുന്നത്. അതേസമയം, രാധയ്‌ക്കെതിരെ മുന്‍പും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലുള്ള രണ്ട് സെന്റും ചെന്നൈയിലെ 47 സെന്റ് ഭൂമിയും 1994 മാര്‍ച്ചില്‍ തയ്യാറാക്കിയ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് തട്ടിയെടുത്തെന്നായിരുന്നു സഹോദരന്‍ മല്ലികാര്‍ജുന്റെ പരാതി.

നെടുമങ്ങാട് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് പൊലീസ് ഈ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള നിയമപോരാട്ടത്തിന് പിന്നിലെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.