Kerala

പാലപ്പിള്ളി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി

പാലപ്പിള്ളി കുണ്ടായി ഹാരിസൺ എസ്റ്റേറ്റിലെ വനിതാ വാച്ചറെ ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പുച്ചിറ സ്വദേശി ഊട്ടുപുരയ്ക്കൽ ബാലന്റെ മകൾ മഞ്ജുഷ (41) ആണ് മരിച്ചത്.

എസ്റ്റേറ്റ് ഫാക്ടറിക്ക് അര കിലോമീറ്റർ അകലെയുള്ള ഉയർന്ന വൈദ്യുത ടവറിലാണ് മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ മരണത്തിന് ഉത്തരവാദികൾ കമ്പനിയിലെ മൂന്ന് ജീവനക്കാരാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വരന്തരപ്പിള്ളി പോലീസ് കണ്ടെടുത്തു.

മൂന്ന് വർഷം മുൻപ് എസ്റ്റേറ്റിലെ സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മഞ്ജുഷയ്ക്ക് ഫാക്ടറി കോമ്പൗണ്ടിനുള്ളിലായിരുന്നു വാച്ചറായി ജോലി നൽകിയിരുന്നത്.

എന്നാൽ, രോഗബാധിതയായ ഇവരെ കഴിഞ്ഞ 20 ദിവസമായി വന്യമൃഗശല്യം രൂക്ഷമായ തോട്ടത്തിലേക്ക് തനിച്ച് ജോലിക്ക് നിയോഗിക്കുകയായിരുന്നു. കാട്ടുപന്നിയും ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്ത് തനിച്ച് ഡ്യൂട്ടി ചെയ്യേണ്ടി വന്നത് ഇവർക്ക് വലിയ ഭീതിയും കടുത്ത മാനസിക പ്രയാസവും സൃഷ്ടിച്ചു.

കഴിഞ്ഞ ജൂലൈയിൽ ജോലിക്കിടെ അനുമതിയോടെ 15 മിനിറ്റ് പുറത്തുപോയതിന് മാനേജ്‌മെന്റിലെ ഒരു ജീവനക്കാരൻ ഇവരുടെ ഫോണിലേക്ക് അസഭ്യ സന്ദേശം അയച്ചിരുന്നു.

ഇതിനെതിരെ പരാതി നൽകുമെന്ന് പറഞ്ഞതോടെയാണ് മൂന്ന് ജീവനക്കാർ ചേർന്ന് വൈരാഗ്യബുദ്ധിയോടെ തന്നോട് പ്രതികാരം ചെയ്യാൻ തുടങ്ങിയതെന്നും, മാനസികമായി തകർക്കാനാണ് കാടിനോട് ചേർന്നുള്ള ഭാഗത്തേക്ക് മാറ്റിയതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മഞ്ജുഷയുടെ ദാരുണ സംഭവത്തിൽ പ്രതിഷേധിച്ച് കുണ്ടായി എസ്റ്റേറ്റിൽ തൊഴിലാളികൾ പണിമുടക്ക് നടത്തി.