പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന എലിക്കോട് ഇരുക്കുഴി ഭാഗത്താണ് കഴിഞ്ഞ ദിവസം രണ്ടുതവണയായി കരിമ്പുലിയെ കണ്ടത്.
രാവിലെ റബ്ബർ ടാപ്പിങ് തൊഴിലാളികളാണ് ആദ്യം ഭീതി പരത്തിക്കൊണ്ട് കരിമ്പുലിയെ നേരിൽ കണ്ടത്. തുടർന്ന് വൈകീട്ട് അഞ്ചുമണിയോടെ പ്രദേശവാസികളായ മറ്റ് നാട്ടുകാരും ഈ ഭാഗത്ത് കരിമ്പുലിയെ കാണുകയുണ്ടായി.
തുടർന്ന് സംഭവം വാർഡ് മെമ്പർ വനംവകുപ്പ് അധികൃതരെ അറിയിക്കുകയും അടിയന്തര നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശത്ത് കരിമ്പുലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.















