കർണാടക സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹ ഭാഗങ്ങൾ ഒൻപത് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ വർഷം ജൂലൈയിലാണ് കൊലപാതകം നടന്നതെന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞതെന്നും കൊല്ലപ്പെട്ട ആൽവിൻ പ്രകാശ് കുണ്ടറിന്റെ സഹോദരൻ അനിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആൽവിന്റെ മരണത്തിനു പിന്നാലെ കാണാതായ അദ്ദേഹത്തിന്റെ ഭാര്യയേയും മകനെയും കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
14 വർഷമായി ഷാർജ വിമാനത്താവളത്തിൽ ജോലി ചെയ്തു വരികയായിരുന്നു ആൽവിൻ ഭാര്യ ടിനയ്ക്കും പത്താം ക്ലാസ് വിദ്യാർഥിയായ മകനുമൊപ്പമാണ് ഷാർജയിൽ താമസിച്ചിരുന്നത്. ഉഡുപ്പി സ്വദേശിയായ ആൽവിൻ കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടിലെത്തിയത്.
ഉഡുപ്പി സ്വദേശിയായ ടിന ഷാർജയിൽ സ്കൂൾ അധ്യാപികയാണ്. ആൽവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അനിൽ ഉഡുപ്പി എസ്പിയെ സമീപിച്ചിട്ടുണ്ട്. ജൂലൈ 20ന് ആൽവിനെ താൻ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം എടുത്തില്ലെന്നും തുടർന്ന് ‘ഞാൻ സുഖമായിരിക്കുന്നു’ എന്നൊരു സന്ദേശമാണ് മറുപടിയായി ലഭിച്ചതെന്നും അനിൽ പറയുന്നു.
തന്റെ സഹോദരൻ അത്തരത്തിൽ സന്ദേശം അയക്കാറില്ലെന്നും ഇതിൽ എന്തോ പന്തികേട് മണത്തെന്നും അനിൽ പറയുന്നു. തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം വീണ്ടും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ അനിൽ ആൽവിന്റെ സുഹൃത്തായ മനോഹറിനെ വിളിക്കുകയും ആൽവിനെ കുറിച്ച് അന്വേഷിക്കാൻ പറയുകയും ചെയ്തു.
മനോഹർ കമ്പനി ആൽവിനു നൽകിയ ഫ്ലാറ്റിൽ പോയി അന്വേഷിച്ചെങ്കിൽ അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് കമ്പനിയുടെ എച്ച്ആറിനെ ബന്ധപ്പെട്ടപ്പോഴും ഇതേ മറുപടി തന്നെ ലഭിച്ചു. അനിൽ വീണ്ടും ആൽവിന്റെ കമ്പനി അധകൃതറുമായി ബന്ധപ്പെടുകയും അദ്ദേഹം ഇന്ത്യയിൽ എത്തിയിട്ടില്ലെന്നും എവിടെയുണ്ടെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് ആൽവിന്റെ പാസ്പോർട്ട് വിവരങ്ങളിൽ നിന്നാണ് ആൽവിൻ ഷാർജ വിട്ടിട്ടില്ലെന്ന് മനസ്സിലാകുന്നത്. ഇതോടെ ആൽവിനെ കാണാനില്ലെന്നു കാട്ടി ഷാർജ പൊലീസിൽ പരാതി നൽകി. അവർ നടത്തിയ അന്വേഷണത്തിലാണ് ഒമാനിലേക്കുള്ള പാതയിൽ കാറിൽ ആൽവിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഒൻപത് കഷണങ്ങളായി രണ്ടു ബാഗുകളിലായാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുന്നത്.
ഈ തിങ്കളാഴ്ചയാണ് ആൽവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതെന്നും അതിനുശേഷമാണ് ഉഡുപ്പി പൊലീസിനെ സമീപിച്ചതെന്നും അനിൽ പറഞ്ഞു. ആൽവിൻ താമസിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെന്നും രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും അവിടെനിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങൾ അതിലുണ്ടെന്നും അനിൽ പറയുന്നു.
ആൽവിന്റെ ഭാര്യയേയും മകനെയും കുറിച്ച് യാതൊരു അറിവും ഇല്ലെന്നും അവർ ഇന്ത്യയിലേക്ക് പോന്നിട്ടുണ്ടെന്നാണ് ഷാർജയിൽനിന്ന് അറിയാൻ കഴിഞ്ഞതെന്നും അനിൽ പറയുന്നു. ആൽവിനും ഭാര്യയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായും തനിക്ക് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.