വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍ കേരള പോലീസ് ഓണ്‍ലൈൻ വഴിയാക്കി. ഇനി മുതല്‍ ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷനുള്ള അപേക്ഷകള്‍ കേരള പോലീസിന്‍റെ ഔദ്യോഗിക സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടലായ തുണ (https://thuna.keralapolice.gov.in) വഴി സമര്‍പ്പിക്കാം. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആദ്യം തുണ പോര്‍ട്ടലില്‍ ഓര്‍ഗനൈസേഷന്‍ അക്കൗണ്ട് ആരംഭിക്കണം. ഇതിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്ഥാപനത്തിന്‍റെ പരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതോടെ സ്ഥാപനത്തിന് ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചുതുടങ്ങാം.
തുണ പോര്‍ട്ടല്‍ വഴി സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന വെരിഫിക്കേഷന്‍ അപേക്ഷകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിയുടെ (SP/CP) ഓഫീസില്‍ ലഭ്യമാകും. ഇപ്രകാരം അപേക്ഷ സമര്‍പ്പിക്കല്‍ മുതല്‍ പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍ പൂർത്തിയാകുന്നതുവരെയുള്ള പ്രക്രിയ കൂടുതല്‍ ലളിതവും കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം. തുണവഴിയുള്ള ഈ സേവനത്തിന് 05.11.2024-ലെ G.O.(P) No.77/2024/HOME സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ള ഫീസ് നിരക്കുകള്‍ ബാധകമായിരിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരവരുടെ ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷനായി ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് കേരള പോലീസ് അറിയിച്ചു.















