Saudi Arabia

സൗദിയിൽ എ.ഐ ബിസിനസുകളിൽ വൻ കുതിച്ചുചാട്ടം: രജിസ്ട്രേഷനുകളിൽ ഉണ്ടായ കൂറ്റൻ വളർച്ച എത്ര?

സൗദി അറേബ്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ ബിസിനസ് പ്രവർത്തനങ്ങളിൽ വൻ കുതിച്ചുചാട്ടം. മേഖലയിലെ വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 24,000 കവിഞ്ഞതായി സൗദി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ കൂറ്റൻ വർധനവാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.

2026-നെ ‘സൗദി ഇയർ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയിൽ കൂടുതൽ ബിസിനസ് മുന്നേറ്റം ദൃശ്യമാകുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പുറമെ സൗദിയിലെ മറ്റ് മേഖലകളിലും വാണിജ്യ രജിസ്ട്രേഷനുകൾ വർധിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് മേഖലയിൽ 32,154, സൈബർ സുരക്ഷയിൽ 11,275, വെർച്വൽ ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിൽ 13,853 രജിസ്ട്രേഷനുകളാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ ആകെ വാണിജ്യ രജിസ്ട്രേഷനുകൾ 19 ലക്ഷത്തിലധികമായെന്നും കണക്കുകൾ പറയുന്നു. എഐ അടക്കമുള്ള മേഖലകളെ വികസിപ്പിക്കുന്നതിനാവശ്യമായ നിരവധി പദ്ധതികളാണ് നിലവിൽ രാജ്യം നടപ്പാക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കൂടുതൽ പ്രാധാന്യം നൽകുന്ന സൗദിയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളിലെ പുതിയ സൂചനയാണ് വാണിജ്യ രജിസ്ട്രേഷനിലെ നിലവിലെ വളർച്ച.