രാജ്യ തലവന്‍മാരെ പ്രകോപിപ്പിച്ചും, പ്രതിഷേധിക്കാന്‍ ഇടം കൊടുത്തും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം തലകീഴായ് മറിച്ചടത് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ. നെതന്യാഹുവിന്റെ പ്രസംഗം വന്‍ നയതന്ത്ര യുദ്ധത്തിന് വഴിതുറന്നേക്കുമെന്നാണ് വിലയിരുത്തല്‍. നെതന്യാഹു പ്രസംഗ പീഠത്തിലേക്ക് എത്തിയതോടെ സഭയില്‍ കൂവലും ബഹളവുമുണ്ടായി. എന്നാല്‍ ഇസ്രയേല്‍ പ്രതിനിധികള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. ഈ ഹാളില്‍ ഇനിയും ഏതെങ്കിലും ഭീരുക്കള്‍ ബാക്കിയുണ്ടെങ്കില്‍, അവരും ഇപ്പോള്‍ത്തന്നെ പുറത്തുപോകണമെന്ന് തന്നെ ബഹിഷ്‌കരിച്ചവരോടായി നെതന്യാഹു ആക്രോശിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്തിനു പുറത്ത് ഹോളിവുഡ് താരം സൂസന്‍ സരണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തില്‍ ഇസ്രയേലിനെതിരെ കടുത്ത പ്രതിഷേധം നടക്കുകയും പലരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ശത്രുരാജ്യങ്ങളെ മാത്രമല്ല, തങ്ങളുടെ പരമ്പരാഗത സഖ്യകക്ഷികളെപ്പോലും കടുത്ത ഭാഷയില്‍ കടന്നാക്രമിച്ച നെതന്യാഹുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ലോകരാജ്യങ്ങളിലെ ഭൂരിഭാഗം നയതന്ത്ര പ്രതിനിധികളും പൊതുസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇറാന്‍ നേതാക്കളെ മുതല്‍ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയെ വരെ കടന്നാക്രമിച്ചു കൊണ്ടാണ് നെതന്യാഹു സംസാരിച്ചത്. ന്യൂയോര്‍ക്ക് മേയറും ഇടതുപക്ഷ നേതാവുമായ സൊഹ്റാന്‍ മംദാനിയെ ജൂതവിരുദ്ധന്‍ എന്ന് നെതന്യാഹു വിശേഷിപ്പിച്ചു.
താങ്കള്‍ മേയറായതു മുതല്‍ ഈ നഗരത്തിലെ ഭൂരിഭാഗം ജൂതന്‍മാര്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നും നെതന്യാഹു കുറ്റപ്പെടുത്തി. നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച യുദ്ധക്കുറ്റ അറസ്റ്റ് വാറണ്ട് ന്യൂയോര്‍ക്കില്‍ നടപ്പാക്കുമെന്ന് മംദാനി മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാനെ കൊലയാളികളെന്ന് വിളിച്ച നെതന്യാഹു, യുഎസ്-ഇസ്രയേല്‍ സഖ്യം കഴിഞ്ഞ ഏഴു മാസമായി നടത്തുന്ന യുദ്ധം ഇറാന്റെ ആണവശേഷിയെ തകര്‍ത്തതായി അവകാശപ്പെട്ടു. ഇറാന്‍ ഭരണകൂടത്തിന്റെ തകര്‍ച്ച വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടയില്‍ ലബനനിലെ ഹിസ്ബുല്ല ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം പൊട്ടിച്ച സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ പേജര്‍ ഉപകരണം നെതന്യാഹു സഭയില്‍ ഉയര്‍ത്തിക്കാട്ടി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനെ സ്വേച്ഛാധിപതി എന്ന് വിളിച്ച അദ്ദേഹം, തുര്‍ക്കി ഹമാസിനെ പിന്തുണയ്ക്കുകയാണെന്നും ആരോപിച്ചു. തുടര്‍ന്നുള്ള പ്രസംഗത്തില്‍ തുര്‍ക്കി, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെയും വെറുതെ വിട്ടില്ല. ട്രമ്പ്് ഭരണകൂടം വീസ നിഷേധിച്ചതിനാല്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. ഒക്ടോബര്‍ 27ന് ഇസ്രയേലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
അധികാരത്തില്‍ തുടരാന്‍ കടുത്ത മത്സരം നേരിടുകയാണ് നെതന്യാഹു. അതുകൊണ്ടുതന്നെ യുഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താതെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നെതന്യാഹു ഉടന്‍ ഇസ്രയേലിലേക്ക് മടങ്ങാനാണ് സാധ്യത.