കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് ആശംസകള്‍ അറിയിച്ച് നടന്‍ ജോയ് മാത്യു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോയ് മാത്യുവിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചെയര്‍മാനായി രവീന്ദ്രനെയും വൈസ് ചെയര്‍പേഴ്സണായി പ്രിയങ്ക നായരെയുമാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ജോയ് മാത്യുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോയ് മാത്യു മറുപടി നല്‍കിയിരിക്കുന്നത്.
‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്‍ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതല്‍ എന്റെ അഭ്യുദയകാംക്ഷികള്‍-പ്രത്യേകിച്ച് ബിപ്പ്ളവ പാര്‍ട്ടി അടിമകള്‍-വിഷമത്തിലാണ്. പാതിരാത്രി കണ്ണില്‍ പാമോയില്‍ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവര്‍ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ആണ്. സാരമില്ല സഖാക്കളെ സാരമില്ല,’ എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. 10 വര്‍ഷം മുമ്പ് ‘ചിറകൊടിഞ്ഞ കിനാവുകളി’ല്‍ വിറക് വെട്ടുകാരനായി അഭിനയിച്ചതിനാല്‍ നിങ്ങളെപ്പോലെ തനിക്ക് യാതൊരു വിഷമവുമില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
രവീന്ദ്രനും പ്രിയങ്കയ്ക്കും പുറമെ സലിം ഹസ്സന്‍, ജോഫിന്‍ ടി. ചാക്കോ എന്നിവരാണ് ഭരണസമിതിയിലെ മറ്റു അംഗങ്ങള്‍. ജനറല്‍ കൗണ്‍സിലിലേക്ക് 15 അംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ പരിചയസമ്പത്ത്, ഭരണപരമായ കഴിവ്, അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശേഷി എന്നിവ പരിഗണിച്ചാണ് തീരുമാനം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിട്ടിട്ടും ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ പൂര്‍ണമായ തീരുമാനമാകാത്തത് വലിയ ചര്‍ച്ചയായിരുന്നു.
പുതിയ ഭരണസമിതി നിലവില്‍ വരുന്നതോടെ മുടങ്ങിക്കിടക്കുന്ന ചലച്ചിത്ര മേളകളുടെ മുന്നൊരുക്കങ്ങളും പുരസ്‌കാര നടപടികളും വേഗത്തിലാകുമെന്നാണ് സിനിമാ മേഖലയിലെ പ്രതീക്ഷ. ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍: ദീപു കരുണാകരന്‍, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്‌കുമാര്‍, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി. ചാക്കോ, സക്കരിയ്യ, ആര്‍.എസ് പണിക്കര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വാഴൂര്‍ ജോസ്, എ. കബീര്‍, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുല്‍ ഹനാന്‍.















