ഇടുക്കിയിൽ ആനത്താരകളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത. ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിൽ എതിർപ്പുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തി. യുഡിഎഫ് എംഎൽഎമാരടക്കം ജനപ്രതിനിധികളാരും അറിയാതെയാണ് ഇടുക്കി കളക്ടർ ഉത്തരവിറക്കിയതെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻ്റ് എം ജെ ജേക്കബ് കുറ്റപ്പെടുത്തിയത്. ഉദ്യോസ്ഥന്മാരുടെ ചെയ്തികൾക്ക് ന്യായീകരണ തൊഴിലാളികളാകാൻ പറ്റില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പാതകൾ അടച്ചതാണ് ഇപ്പോൾ വന്യജീവി ആക്രമണം വർധിക്കാൻ കാരണമെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. ഇടുക്കിയിൽ ഈ വർഷം മാത്രം ആറുപേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. മനുഷ്യ വന്യജീവി സംഘർഷം കുറക്കാനുള്ള നടപടികൾ ആലോചിക്കുന്നതിന് ഈ മാസം 19 ന് ജില്ലാ കളക്ടർ യോഗം വിളിച്ചുചേർത്തിരുന്നു. വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പരമ്പരാഗത പാതകൾ അടഞ്ഞതാണ് ആക്രമണം വർധിക്കാൻ ഒരു കാരണമെന്ന് യോഗം വിലയിരുത്തി. ഈ പ്രദേശങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച ഫെൻസിംഗുകളും അനത്താരകൾ കയ്യേറി നിർമ്മിച്ച അനധികൃത കെട്ടിടങ്ങളുമാണ് വന്യമൃഗങ്ങളുടെ സ്വൈര്യസഞ്ചാരം തടസപ്പെടുത്തുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ചിന്നക്കനാൽ മേഖലയിൽ മാത്രം ഇത്തരത്തിൽ അനധികൃതമായി നിരവധി ഫെൻസിംഗുകളും സർക്കാർ ഭൂമി കയ്യേറി കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ടെന്നാണ് പ്രഥമിക കണ്ടെത്തൽ. പിന്നാലെയാണ് ഈ നിർമിതികൾ ഒഴിപ്പിച്ച് പൊളിച്ചുനീക്കാനും വന്യമൃഗങ്ങൾക്ക് സഞ്ചാരപാത ഒരുക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടത്. ഉത്തരവിനെതിരെ സിപിഎമ്മും അഖിലേന്ത്യാ കിസാൻ സഭയും രംഗത്തെത്തിയിരുന്നു. മനുഷ്യത്വരഹിതമായ ഉത്തരവ് പിൻലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി രൂപതയും രംഗത്തെത്തി.















