തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ എൻഡിഎയിൽ ഭിന്നത രൂക്ഷം. കമ്മീഷൻ പരസ്യ വിശദീകരണം നൽകണമെന്ന് ഘടക കക്ഷികൾ. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം മറികടക്കാൻ ക്യാമ്പയിൻ ആരംഭിക്കാനാണ് ബിജെപി നീക്കം. അതേസമയം ഭിന്നത ഇല്ലെന്നും എല്ലാ തീരുമാനങ്ങളും സ്വീകരിച്ചത് ഒറ്റക്കെട്ടായി എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വാദം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്നാണ് എൻഡിഎ സഖ്യകക്ഷികൾ ഒന്നിനുപിറകെ ഒന്നായി ആവശ്യപ്പെടുന്നത്.വിവാദങ്ങളിൽ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെന്ന് ബിഹാറിലെ രാഷ്ട്രീയ ലോക് മോർച്ച നിലപാടെടുത്തു.
കമ്മീഷൻ വിശദീകരണം നൽകുന്നത് ഭരണത്തിലുള്ള ജനവിശ്വാസം കൂട്ടുമെന്ന് ടിഡിപിയും, ജനങ്ങളുടെ മനസ്സിൽ ഒരു തരത്തിലുള്ള സംശയവും ബാക്കിനിൽക്കരുതെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാനും തുറന്നടിച്ചു. സഖ്യകക്ഷികളുടെ അതൃപ്തി നിലനിൽക്കുമ്പോഴും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് ബിജെപിയുടെ വാദം. ഈ പ്രചാരണങ്ങളെ ചെറുക്കാൻ വിവിധ ക്യാമ്പയിനുകൾക്ക് ബിജെപി രൂപം നൽകും.അതേസമയം ഭിന്നതയെന്ന വാർത്തകൾ പൂർണ്ണമായും നിഷേധിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. SIR അടക്കമുള്ള എല്ലാ തീരുമാനങ്ങളും എടുത്തത് ഒറ്റക്കെട്ടായി എന്നാണ് വാദം.
Story Highlights : Allegations against the Election Commission: Rift within the NDA widens















