Kerala

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യവകുപ്പിന് കടം 2575 കോടി; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍

സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന ആരോപത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് പത്ത് വര്‍ഷം ഭരിച്ച എല്‍ഡിഎഫാണെന്ന് മുരളീധരന്‍ തിരിച്ചടിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യവകുപ്പിന് കടം 2575 കോടി രൂപയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മരുന്ന് വാങ്ങിയ വകയില്‍ കെ.എം.എസ്.സി.എല്ലിന് ബാധ്യത 900 കോടിയാണ്. 45 കോടി രൂപ മുടക്കി ആവശ്യമില്ലാത്ത ഉപകരണങ്ങളും മരുന്നുകളും പി.പി.ഇ കിറ്റുകളും വാങ്ങിക്കൂട്ടി കമ്മീഷനടിച്ചുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മുക്കിലും മൂലയിലും ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്‍കി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി കോടികള്‍ കമ്മീഷനടിച്ചു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ മരുന്ന് ഇപ്പോള്‍ കെ.എം.എസ്.സി.എല്ലിലും കാരുണ്യയിലും ലഭ്യമാണ്. പത്തുവര്‍ഷം സ്വകാര്യ ലോബിയെ വാരിപ്പുണര്‍ന്ന സര്‍ക്കാരിന് നേതൃത്വം നല്‍കിയവരാണ് 132 ദിവസം പിന്നിടുന്ന യു.ഡി.എഫ് സര്‍ക്കാരിനെതിരെ സ്വകാര്യ ലോബി ആരോപണം ഉന്നയിക്കുന്നത്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും ജനം വിലയിരുത്തുമെന്നും കെ.മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ വിശ്വാസ്യത ബോധപൂര്‍വം തകര്‍ത്തുകൊണ്ട് സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനുള്ള ഗൂഢശ്രമം സര്‍ക്കാര്‍ നടത്തുന്നുവെന്നായിരുന്നു പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം. യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം മരുന്ന് വിതരണ ചുമതലയുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തലപ്പത്ത് അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും റീ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതും സര്‍ക്കാര്‍ ആശുപത്രികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Story Highlights : k muraleedharan replay to pinarayi vijayan