സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗമായി യുഡിഎഫ് സർക്കാർ നിയമിച്ച സംവിധായകൻ സജീവൻ അന്തിക്കാടിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയാവുന്നു. ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറെ പരിഹസിക്കുന്നത് അടക്കമുള്ള പോസ്റ്റുകളാണ് വീണ്ടും ചർച്ചയാകുന്നത്.’കോട്ടിട്ട് നടന്നിരുന്ന പഴയ കോമാളി. ഇപ്പ ഒരു ത്രില്ലില്ല’ എന്നാണ് അംബേദ്കറിന്റെ ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തുകൊണ്ടുള്ള സജീവൻ അന്തിക്കാടിന്റെ ഒരു കമന്റ്.ഒരു സമൂഹത്തിൽ 10 ശതമാനത്തേക്കാൾ കൂടുതൽ മുസ്ലിംകളായാൽ ജനാധിപത്യവും മതേതരത്വവും അതിന്റെ വഴിക്ക് പോകുമെന്നാണ് 2020 ആഗസ്റ്റ് 13ന് സജീവൻ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മോദിക്കല്ല ഇനി ഏത് കൊലകൊമ്പൻ വന്നാലും മുസ്ലിം വർഗീയതയെ തളയ്ക്കാനാവില്ല.
മുസ്ലിംകൾ ജനാധിപത്യ സമൂഹത്തിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വർഗീയത പരത്തും. ഇതിന് അവരിലെ ചെറിയൊരു വിഭാഗം മതി. സൈ്വര്യ ജീവിതം ആഗ്രഹിക്കുന്ന ആ സമുദായത്തിലെ ഭൂരിപക്ഷത്തിനെ മുൾമുനയിൽ നിർത്തി വർഗീയവാദികൾ തെരുവിൽ അഴിഞ്ഞാടും, കത്തിക്കുമെന്നും സജീവൻ അന്തിക്കാട് കുറിപ്പിൽ പറയുന്നുണ്ട്. സംഘ്പരിവാർ അനുകൂല യുക്തിവാദി കൂട്ടായ്മയെന്ന ആരോപണം നേരിടുന്ന എസൻസ് ഗ്ലോബലുമായി ബന്ധമുള്ള വ്യക്തിയാണ് സജീവൻ അന്തിക്കാട്. ‘സംഘ് അനുകൂല എസൻസ് ഗ്ലോബൽ പിളർന്നു’ എന്ന മാധ്യമം വാർത്തയിൽ പ്രതികരിച്ചുകൊണ്ട് അദ്ദേഹമിട്ട ഫേസ്ബുക്ക് പോസ്റ്റിൽ സി.രവിചന്ദ്രനെ പിന്തുണയ്ക്കുന്ന ആളാണ് വ്യക്തമാക്കുന്നുണ്ട്. എസൻസ് ഗ്ലോബൽ സംഘടിപ്പിക്കാറുള്ള ‘ലിറ്റ്മസ്’ പരിപാടിയേയും സജീവൻ കുറിപ്പിൽ പുകഴ്ത്തുന്നുണ്ട്.















