ബലാത്സംഗക്കേസ് പിൻവലിക്കാൻ 70 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതിയെ ഹിസാർ പൊലീസ് അറസ്റ്റ് ചെയ്തു. ഹിസാറിലെ രാംപുര മൊഹല്ല സ്വദേശിനിയായ യുവതിയാണ് പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ഈ യുവതി നേരത്തെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനായ യുവാവിനെതിരെ ബലാത്സംഗക്കേസ് നൽകിയിരുന്നു.
തുടർന്ന്, കേസ് റദ്ദാക്കണമെങ്കിൽ 70 ലക്ഷം രൂപ നൽകണമെന്ന് യുവതി തന്നോട് ആവശ്യപ്പെട്ടതായും പണം നൽകാതിരുന്നാൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തിയതായും കാണിച്ച് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനും ബ്ലാക്ക്‌മെയിലിങ്ങിനും യുവതിക്കെതിരെ പ്രത്യേക കേസ് റജിസ്റ്റർ ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി പരാതിക്കാരനെ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്തതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു.
കേസിൽ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.















