രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും (ആർ.ബി.ഐ.) നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും (എൻ.പി.സി.ഐ.) സുപ്രീം കോടതി വിശദീകരണം തേടി.
യു.പി.ഐ. ഇടപാടുകളിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഈടാക്കാനുള്ള തീരുമാനത്തിന്റെ നിയമസാധുതയാണ് കോടതി ആരാഞ്ഞത്. അതേസമയം, എം.ഡി.ആർ. ഈടാക്കാനുള്ള തീരുമാനത്തിന്മേൽ കോടതി തൽക്കാലം സ്റ്റേ അനുവദിച്ചിട്ടില്ല.
യു.പി.ഐ. ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിന്റെ നിയമപരമായ അടിസ്ഥാനം എന്താണെന്നാണ് സുപ്രീം കോടതി കേന്ദ്രത്തോടും ആർ.ബി.ഐയോടും എൻ.പി.സി.ഐയോടും വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്.
ഈ നിരക്കിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ആനുകൂല്യം ആർക്കാണ് ലഭിക്കുകയെന്നും, ഇത് എങ്ങനെയാണ് വിതരണം ചെയ്യുകയെന്നും കോടതി ചോദിച്ചു.
എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി, അത് ലഭിച്ച ശേഷമായിരിക്കും ഹർജി വീണ്ടും പരിഗണിക്കുകയെന്നും വ്യക്തമാക്കി.















