ഡൽഹിയിൽ ലൈംഗികാതിക്രമ സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. ജസ്റ്റിസ് ജെ.ബി പർദിവാല അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ട് കേസെടുത്തിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ കടുത്ത അതൃപ്തിയും ആശങ്കയും അസ്വസ്ഥതയും കോടതി പ്രകടിപ്പിച്ചു.
ഡൽഹിയിൽ ഓരോ ആഴ്ചയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ ക്രൂരമായ പീഡനത്തിനും കൊലപാതകത്തിനും ഇരയാവുകയാണ്. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ലെന്നും നിയമപാലന സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് ഇത് വെളിവാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പട്രോളിങ്ങിലെ വീഴ്ചകളും ഭരണപരമായ പോരായ്മകളും കാരണം പാർക്കുകൾ, ബസുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങൾ അപകടമേഖലകളായി മാറുകയാണ്. ഇത് അനുവദിക്കാൻ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ലേഡി ശ്രീറാം കോളജിന് സമീപമുള്ള ആസ്ഥ കുഞ്ജ് പാർക്കിൽ വെച്ച് 17 വയസ്സുള്ള പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം, സ്വരൂപ് നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസ്, ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ ബസിനുള്ളിൽ വെച്ച് പെൺകുട്ടി ലൈംഗിക അതിക്രമത്തിനിരയായ സംഭവം എന്നിവ ഉൾപ്പെടെ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സമീപകാല കേസുകൾ കോടതി പരിഗണിച്ചു.
ഗ്രേറ്റർ നോയിഡയിൽ നിന്ന് ഡൽഹിയിലെ കാശ്മീരി ഗേറ്റ് വരെ ഏകദേശം 47 കിലോമീറ്റർ ദൂരം സഞ്ചരിച്ച ബസിനുള്ളിൽ 17 കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. വഴിയിലുള്ള പൊലീസ് ചെക്ക്‌പോസ്റ്റുകളിൽ ഒരിടത്തും ബസ് തടഞ്ഞില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ച കോടതി, സംഭവം 2012ലെ നിർഭയ കേസിനെ ഓർമ്മിപ്പിക്കുന്നുവെന്ന് വേദനയോടെ നിരീക്ഷിച്ചു. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമ നിർവഹണ സംവിധാനങ്ങളിൽ അർത്ഥവത്തായ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
ഇത്തരം സംഭവങ്ങളിൽ ജനപ്രതിനിധികളും അധികാരികളും അനുതാപം പ്രകടിപ്പിക്കുന്നതും പ്രസ്താവനകൾ ഇറക്കുന്നതും സ്വാഭാവികമാണെങ്കിലും അതൊന്നും പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങൾ തടയുന്നതിനും പൊതു ക്രമസമാധാനം പാലിക്കുന്നതിനും ദുർബലവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.















