ആഡംബര ജീവിതത്തിനും മൊബൈൽ ഫോണും സ്വർണ്ണമാലയും വാങ്ങുന്നതിനുമായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവം പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ലിവ്-ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന ദമ്പതികളാണ് കുഞ്ഞിനെ ഒരു ലക്ഷത്തിലധികം രൂപയ്ക്ക് വിറ്റത്. സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മർദനമേറ്റതായി കാട്ടി യുവതി നൽകിയ പരാതിയിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് മാതാപിതാക്കളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന് മുൻപ് നാല് തവണയാണ് വിവിധ ഇടനിലക്കാർ വഴി കൈമാറിയത്: മാതാപിതാക്കൾ ഇടനിലക്കാരിയായ സീമാ രേഷ്‌വാളിന് 1.2 ലക്ഷം രൂപയ്ക്ക് വിറ്റു.
സീമ ഇത് സംഗീത അവ്ഹാദ് എന്ന മറ്റൊരു ഇടനിലക്കാരിക്ക് 2.7 ലക്ഷം രൂപയ്ക്ക് കൈമാറി. സംഗീത സുരേഷ് ഗുണ്ടുക്ക എന്ന വ്യാജ ഡോക്ടർക്ക് 3.5 ലക്ഷം രൂപയ്ക്ക് വിറ്റു. വ്യാജ ഡോക്ടർ കുഞ്ഞിനെ ഹൈദരാബാദിലുള്ള സ്വന്തം ബന്ധുവായ ഉമാ ഖട്കാമിന് 3.5 ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു.
ഛത്രപതി സംഭാജിനഗറിൽ നിന്ന് 550 കിലോമീറ്ററിലധികം അകലെയുള്ള ഹൈദരാബാദിൽ നിന്നാണ് പോലീസ് സംഘം കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തിയത്. കുഞ്ഞിനെ വിറ്റ പണം ഉപയോഗിച്ച് വാങ്ങിയ രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണമാലയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ മുൻപും കുട്ടികളെ വിറ്റിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.