സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 200 മെഗാവോട്ട് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിവിധ പ്രദേശങ്ങളിൽ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. പ്രതിസന്ധി തുടരുകയാണെങ്കിൽ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും.
കഴിഞ്ഞ ദിവസം പീക്ക് അവറിൽ (ഉയർന്ന ഉപഭോഗ സമയത്ത്) 800 മെഗാവോട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെട്ടത്. രാത്രി 9 മണിക്ക് ശേഷവും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിരുന്നില്ല.
ചൂട് വർധിച്ചതും മഴ ലഭിക്കാത്തതും മൂലം വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുകയാണ്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം പലയിടത്തും രാത്രി ഒന്നിലധികം തവണ പവർകട്ടുണ്ടായി.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടും കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായിട്ടില്ല.
ജനങ്ങൾ ദുരിതത്തിലാകുമ്പോൾ സർക്കാർ നിഷ്ക്രിയമായി നിലകൊള്ളുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.















