മണിക്കൂറുകള്‍ നീണ്ട ഭപ്പാടിന്റെ നാടകീയതയ്ക്ക് ഒടുവില്‍ കോക്പിറ്റില്‍ നടന്ന സംഭവം ലോകമാകെ ചിരി പടര്‍ത്തിയിരിക്കുകയാണ്. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കു പറന്ന വിമാനം അടിയന്തരമായി വടക്കന്‍ സൗദി അറേബ്യയില്‍ ലാന്‍ഡ് ചെയ്ത സംഭവമാണ് ഏവരെയും ആദ്യം ഞെട്ടിച്ചത്. ഇസ്രയേലിലേക്കു പറന്ന വിമാനം തീവ്രവാദികള്‍ റാഞ്ചിയെന്ന വാര്‍ത്ത പടര്‍ന്നതാണ് ഭയപ്പെടാന്‍ കാരണമായത്. വിമാന റാഞ്ചികള്‍ വിമാനം സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കു പോയ ഫ്‌ളൈദുബായ് ബോയിങ് 737 മാക്‌സ് വിമാനം എമര്‍ജന്‍സി സിഗ്‌നല്‍ നല്‍കിയതിനു പിന്നാലെ സൗദി അറേബ്യയ്ക്കു മുകളില്‍ വച്ച് തിരികെ പറന്നിരുന്നു. ഇതോടെയാണ് റാഞ്ചല്‍ സംശയം ഉയര്‍ന്നത്. വിമാനം വടക്കന്‍ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. അതോടെ ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ ഫ്‌ളൈ ദുബായ് വിമാനത്തിനു സമീപത്തേക്കു കുതിച്ചെത്തിയെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 27 കുട്ടികള്‍ ഉള്‍പ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇസ്രയേല്‍-ഇറാന്‍-ഫലസ്തീന്‍ യുദ്ധം നടക്കവേ, ഏത് സംശയകരമായ സംഭവവും വലിയ വാര്‍ത്തയാകും. അങ്ങനെയാണ് ഇതും വാര്‍ത്തയായത്. ഇസ്രയേല്‍ യുദ്ധ സംവിധാനങ്ങളെല്ലാം വേഗത്തില് അലെര്‍ട്ടാവുകയും ചെയ്തത് ഇതുകൊണ്ടാണ്. എന്നാല്‍, വിമാനത്തിനു സംഭവിച്ചത്, പൈലറ്റുമാര്‍ തമ്മിലുണ്ടായ തര്‍ക്കമായിരുന്നു. ഈ തര്‍ക്കം കൈയ്യാങ്കളി വരെ എത്തിയതോടെയാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡ് ചെയ്തത് എന്നാണ് ഇസ്രയേല്‍ ്‌റിയിച്ചിരിക്കുന്നത്. വിമാനം റാഞ്ചിയെന്ന തരത്തില്‍ വാര്‍ത്ത പുറത്തു വന്നതോടെയാണ് ഇസ്രയേല്‍ വിശദീകരണം ഇറക്കിയിരിക്കുന്നത്. വിമാനം റാഞ്ചിയതല്ലെന്നും വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് അടിയന്തിരമായി സൗദിയില്‍ ലാന്‍ഡ് ചെയ്തതാണെന്നും ഇസ്രയേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
പൈലറ്റും സഹ പൈലറ്റും തമ്മിലുണ്ടായ തര്‍ക്കം അതിരു വിട്ടതോടെ വിമാനം അടിയന്തരമായി സൗദിയില്‍ ലാന്‍ഡ് ചെയ്യേണ്ടിവന്നു. പൈലറ്റുമാര്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്കു വരെ എത്തിയെന്നാണ് സൂചന. കോക്ക്പിറ്റില്‍ ഉണ്ടായ ഈ സംഘര്‍ഷം വിമാനത്തിന്റെ തുടര്‍ന്നുള്ള സുഗമാമായ യാത്രയ്ക്ക് തടസ്സം സംഭവിച്ചേക്കാമെന്ന ആസങ്കയുണ്ടായി. ഇതോടെയാണ് അടിയന്തിര ലാന്‍ഡിംഗിനുള്ള മെസേജ് നല്‍കിയതും ഇറക്കിയതും. പൈലറ്റുമാര്‍ തമ്മില്‍ എന്താണ് ഇത്രയും വലിയ പ്രശ്‌നത്തിനു കാരണമെന്ന് ഇതുവരെ വെളിവായിട്ടില്ല.















