മലയാള സിനിമാ മേഖലയുടെ ഉന്നമനം ലക്ഷ്യമിടുന്ന കേരള സര്‍ക്കാര്‍ ഈ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ വിളിച്ചു ചേര്‍ത്ത സിനിമാ സംഘടനകളുടെ യോഗത്തില്‍ ഒന്നും മിണ്ടാതെ താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍. പ്രത്യേകിച്ച് ഒരു അഭിപ്രായമോ, ആവശ്യമോ നിര്‍ദ്ദേശമോ ഇല്ലാത്ത വിഭാഗമായി അമ്മയിലെ ഭാരവാഹികള്‍ ഇരുന്നത് യോഗത്തെ ചെറുതായൊന്നു ആശങ്കയിലാക്കി. സ്ത്രീ സുരക്ഷ മുതല്‍, സംഘടനയിലെ വിവാദങ്ങള്‍ അടക്കം നിരവധി കീറാമുട്ടി പ്രശ്‌നങ്ങള്‍ ഉള്ള സംഘടനയില്‍ നിന്നും ഒന്നും പറയാനില്ലാത്ത അവസ്ഥ ഉണ്ടായതാണ് സിനിമാ മേഖലയിലെ മറ്റു സംഘടനകളെ അത്ഭുതപ്പെടുത്തിയത്. അമ്മയില്‍ നിന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും, സരിന്‍ എന്നിവരാണ് പോയത്.
എന്നാല്‍, അമ്മ സംഘടനയില്‍ അംഗമായിരിക്കുമ്പോള്‍ തന്നെ സിനിമയിലെ മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മറ്റു സംഘടനകള്‍ക്കു വേണ്ടി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെട്ത്തിരുന്നു. അവര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നിര്‍ദ്ദേശങ്ങളും ആശങ്കകളും പങ്കുവെയ്ക്കുകയും ചെയ്തു. ഫെഫ്ക, പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍, WCC, തിയേറ്റര്‍ അസോസിയേഷന്‍, ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചെറുതും വലുതുമായ നിരവധി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
സിനിമാ മേഖലയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുക എന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. ഇത് മന്ത്രി പി.സി. വിഷ്ണു നാഥും അംഗീകരിക്കുന്ന കാര്യമായിരുന്നു. വ്യവസായ വത്ക്കരിക്കുമ്പോള്‍ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ഇതുവരെ ഉണ്ടാക്കിയിട്ടുള്ള കരാറുകള്‍ പരിശോധിക്കണമെന്നായിരുന്നു ഫെഫ്ക ഭാരവാഹികള്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദ്ദേശം. ഇത് പരിശോധിച്ച് നടപടി എടുക്കാമെന്നും മന്ത്രി മറുപടി നല്‍കി. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പലതരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ മനുഷ്യ നിര്‍മ്മിത ദുരന്തങ്ങലും ുണ്ടാകുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ സിനിമാ മേഖലയെ സഹായിക്കേണ്ടതുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനില്‍ പണിയെടുക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരണം. അതിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം.
ലൊക്കേഷനില്‍ എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള ഭക്ഷണം നല്‍കാന്‍ കഴിയണം. വലിപ്പച്ചെറുപ്പമോ, വേര്‍തിരിവോ ഇല്ലാതെ ഭക്ഷണം ഒരുപോലെ നല്‍കാന്‍ കഴിയണം. സ്ത്രീകള്‍ക്ക് ലൊക്കേഷനില്‍ ശുചിമുറി നല്‍കണം. അതിന് സര്‍ക്കാര്‍ ഇടപെടണം. ഇക്കാര്യം WCC ഭാരവാഹികളും പറഞ്ഞു. സ്ത്രീകള്‍ക്കു വേണ്ടി എല്ലാ സൗക്രര്യങ്ങളും ചെയ്യണം. തിയേറ്റര്‍ ഉടമകളുടെ അസോസിയേഷന്റെ ആവശ്യം വൈദ്യുതി ചാര്‍ജ്ജ് കുറയ്ക്കണം എന്നും, ഡബിള്‍ ടാക്‌സ് കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചില തിയേറ്ററുകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഇവര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യമുണ്ട്. എല്ലാ തിയേറ്ററുകളിലും ഭക്ഷ്യ സാധനങ്ങള്‍ വലിയ വിലയില്‍ വില്‍ക്കുന്നില്ല.
അത് തെറ്റാണ്. ചില തിയേറ്ററുകലില്‍ മാത്രമാണ് പോപ്‌കോണിനൊക്കെ 500 രൂപ വില ഈടാക്കുന്നത്. ഇപ്പോള്‍ ചെന്നൈയില്‍ നിന്നും സിനിമ ചെയ്യാനായി പണം എടുക്കാനാകുന്നില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പരാതിപറഞ്ഞു. വായ്പയെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ സഹായിക്കണം. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മുഖേന പണ്ടൊക്കെ സിനിമയ്ക്ക് പണം വായ്പ കിട്ടുമായിരുന്നു. അത് വീണ്ടും കൊണ്ടു വരണമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോ നന്നാക്കണം. റാമോജി ഫിലിംസിറ്റി പോലെ ആക്കിയില്ലെങ്കിലും കേരളത്തിലെ മനോഹരമായ സ്റ്റുഡിയോ ആക്കണമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍ദ്ദേശം വെച്ചു.
ഇ ടിക്കറ്റ് സംവിധാനം നടപ്പാക്കണമെന്ന് ഫിലിം ചേമ്പര്‍ ആവശ്യപ്പെട്ടു. ഷൂട്ടിംഗ് പെര്‍മിറ്റിന് സര്‍ക്കാരില്‍ നിന്നും സിംഗിള്‍ വിന്റോ വഴി ലഭിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്്‌ടെന്നാണ് സൂചന. എന്തായാലും അമ്മയില്‍ നിന്നും പോയവര്‍ക്കൂടുതല്‍ ആവശ്യങ്ങളോ നിര്‍ദ്ദേശങ്ങളോ വെയ്ക്കാന്‍ കഴിയാത്തത് എന്താണെന്ന സംശയമായിരുന്നു മറ്റു സംഘടനകള്‍ക്കെല്ലാമുണ്ടായത്.















