തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ എസ്എഫ്‌ഐ – യൂത്ത്‌കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ രംഗത്ത്. തലസ്ഥാനത്തേത് വളരെ ദൗര്‍ഭാഗ്യകരവും വിചിത്രവുമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ സമരം ചെയ്യുമ്പോള്‍ എസ്എഫ്‌ഐക്ക് എന്തിനാണ് പൊള്ളുന്നതെന്ന റോജി എം ജോണ്‍ ചോദിച്ചു.
ബിജെപിയോടുള്ള വിധേയത്വം തെളിയിക്കാന്‍ ആണോ എസ്എഫ്‌ഐ ആക്രമണം എന്ന് സംശയമുണ്ട്. കലാലയങ്ങള്‍ സര്‍ഗാത്മകമായ സംവാദങ്ങള്‍ നടക്കേണ്ട ഇടമാണ്. ഹോസ്റ്റലില്‍ നിന്നും മദ്യക്കുപ്പിയും കല്ലും എടുത്ത് സമരങ്ങള്‍ക്ക് നേരെ എറിയുന്നത് ഗൗരവകരമാണെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റലില്‍ എങ്ങനെ മദ്യക്കുപ്പികളും ലഹരിപദാര്‍ത്ഥങ്ങളും എത്തുന്നു എന്നത് അന്വേഷിക്കപ്പെടേണ്ട കാര്യമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തില്‍ സ്വാഭാവികമാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ വാഹനം ആക്രമിക്കുന്നതും ദേശീയ പതാക പോലും തകര്‍ക്കാന്‍ ശ്രമിക്കുന്നതും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ യുഡിഎഫ് അറിയുന്നില്ലെന്ന അടൂര്‍ പ്രകാശിന്റെ പരാമര്‍ശത്തില്‍ ഏകോപനം ഇല്ലായ്മ എന്നൊന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ എഐസിസി, യുഡിഎഫ് നേതൃത്വം കൃത്യമായ മറുപടി നല്‍കും. കോണ്‍ഗ്രസ് വിശാലമായ പ്രസ്ഥാനമാണ്. എതിര്‍ അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയും. മാധ്യമങ്ങളുടെ ആവശ്യപ്രകാരം ഒരു ദിവസം മൂന്നുനേരം മുഖ്യമന്ത്രിക്ക് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും റോജി എം ജോണ്‍ വ്യക്തമാക്കി.















