മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ രംഗത്ത്.
പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് താൻ മുമ്പ് പറഞ്ഞപ്പോൾ തന്നെ പലരും കൊത്തിപ്പറിച്ചിട്ടുണ്ടെന്നും, പാർട്ടിക്കകത്ത് കാര്യങ്ങൾ പറയണമെന്നായിരുന്നു അന്ന് എല്ലാവരും തനിക്ക് നൽകിയ ഉപദേശമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാൽ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ടെന്നും, കെ.പി.സി.സി അധ്യക്ഷനുമായി താൻ നിരന്തരം സംസാരിക്കാറുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഇതിനിടയിൽ, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെയും അദ്ദേഹം ശക്തമായി വിമർശിച്ചു. കരിങ്കൊടി കാണിക്കുന്നതിൽ തെറ്റില്ലെങ്കിലും, വഴിയിൽ തടഞ്ഞ് കാറിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചാൽ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സിപിഎമ്മുകാർ അഞ്ചുവർഷം ക്ഷമയോടെ കാത്തിരിക്കണമെന്നും, അഞ്ചു കൊല്ലം കഴിയുമ്പോൾ ജനങ്ങൾ വോട്ട് ചെയ്ത് തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന് പ്രതിപക്ഷ നേതാവ് വിചാരിച്ചാൽ അത് നടക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.















