നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത റസ്റ്റോറന്റ് ശൃംഖലയായ ‘ദേ പുട്ടി’ന്റെ ചെന്നൈ ബ്രാഞ്ച് ഉദ്ഘാടനം തെന്നിന്ത്യൻ സിനിമാതാരങ്ങളുടെ സംഗമവേദിയായി മാറി. ദിലീപിന്റെ ക്ഷണം സ്വീകരിച്ച് മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരനിരയാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ദിലീപിനൊപ്പം ഭാര്യയും നടിയുമായ കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും (മാമാട്ടി) ഉണ്ടായിരുന്നു.
മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരായ ഷീല, ശാരദ, സീമ എന്നിവർക്കൊപ്പം പ്രമുഖ നടിമാരായ രാധിക ശരത്കുമാർ, മീന, പ്രശസ്ത കൊറിയോഗ്രാഫർ കലാ മാസ്റ്റർ, നടൻ റിയാസ് ഖാൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ഉദ്ഘാടന വേദിയിലെത്തിയിരുന്നു. വിവിധ തലമുറകളിലെ പ്രിയ നടിമാർ ഒരേ വേദിയിൽ ഒത്തുചേർന്ന കാഴ്ച ആരാധകർക്ക് കൺകുളിർക്കുന്ന അനുഭവമായി. ചടങ്ങിൽ നിന്നുള്ള ഇവരുടെ ഒത്തുചേരൽ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും പൊതുവേദികളിൽ നിന്നും അകലം പാലിക്കുന്ന കാവ്യ മാധവൻ വളരെ വിരളമായി മാത്രമേ പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അടുത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹ സൽക്കാരങ്ങളിലും കുടുംബച്ചടങ്ങുകളിലും ദിലീപിനൊപ്പം എത്തുമ്പോൾ മാത്രമാണ് ആരാധകർക്ക് കാവ്യയെ കാണാൻ സാധിക്കുന്നത്. അതിനാൽ തന്നെ കുടുംബസമേതം എത്തിയ കാവ്യയുടെയും കൊച്ചുമിടുക്കി മഹാലക്ഷ്മിയുടെയും സാന്നിധ്യം ഉദ്ഘാടനവേദിയിലെ പ്രധാന ആകർഷണമായി മാറി.