മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി. വാഹനത്തിൽ നിയമവിരുദ്ധമായി ദേശീയ പതാക സ്ഥാപിച്ചതും ”കേരള സ്റ്റേറ്റ് ” ബോർഡ് എന്നിവ സ്ഥാപിച്ചതും അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കണ്ണൂർ സ്വദേശി സരീഷ് പൂമരം പരാതി നൽകിയത്.
മോട്ടോർ വാഹന നിയമങ്ങളുടെയും കേന്ദ്ര-സംസ്ഥാന ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് നടന്നതെന്ന് പരാതിയിൽ പറയുന്നു. സർക്കാർ ഫയലുകളുടെയും ലോഗ് ബുക്കുകളുടെയും വിശദമായ പരിശോധന നടത്തണം. KL-78-A-0009 നമ്പർ വാഹനം മോട്ടോർ വാഹന വകുപ്പ് വിളിച്ചുവരുത്തി പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ഔദ്യോഗിക പദവി വ്യക്തമാക്കുന്ന ‘കേരള സ്റ്റേറ്റ് 13’ എന്ന ബോര്‍ഡും ദേശീയ ചിഹ്നവും പതിച്ച് കെ എം ഷാജി റേഞ്ച് റോവര്‍ കാറില്‍ സഞ്ചരിച്ചത് വിവാദമായിരുന്നു. ഔദ്യോഗിക വാഹനം തകരാറിലായതിനാല്‍ സുഹൃത്തിന്റെ വാഹനം ഒരു ദിവസത്തേക്ക് ഉപയോഗിച്ചുവെന്നായിരുന്നു വിവാദത്തോട് നേതൃത്വം പ്രതികരിച്ചത്.
സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയത് 2 മന്ത്രിമാർക്ക് മാത്രമാണ്. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിന്റെ അനുമതി കിട്ടിയത്. സർക്കാർ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ചെന്നിത്തല സ്വന്തം വണ്ടിക്ക് അപേക്ഷ നൽകിയത്. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി ഉണ്ടെന്ന കെ എം ഷാജിയുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.
Story Highlights : Complaint lodged with the Transport Commissioner regarding Minister K.M. Shaji’s use of a private vehicle















