കഴിഞ്ഞ ദിവസമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലെത്തിയത്. തിയറ്ററുകളിലേത് പോലെ തന്നെ ഒടിടിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിവിൻ പോളിയുടെയും മമിത ബൈജുവിന്റെയും കഥാപാത്രങ്ങളെക്കുറിച്ച് തന്നെയാണ് ഒടിടിയിലും ചർച്ച. ചിത്രത്തിലെ മമിത അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ ലുക്കും നടിയുടെ പ്രകടനവും ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
വലിയ മേക്കപ്പോ അമിതമായ സ്റ്റൈലിങ്ങോ ഒന്നുമില്ലാതെ, വളരെ സ്വാഭാവികമായ അവതരണത്തിലൂടെ ആഷ്‌ലിയെ പ്രേക്ഷകരുടെ മനസിലേക്ക് അടുപ്പിക്കാന്‍ മമിതയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. സിനിമയിലുടനീളം നാട്ടിന്‍പുറത്തുകാരിയായ സാധാരണക്കാരിയായ ആഷ്‌ലിയെയാണ് കാണിക്കുന്നത്. എന്നാല്‍ സിനിമയുടെ ക്ലൈമാക്സില്‍ അയര്‍ലന്‍ഡില്‍ നിന്ന് തിരിച്ചെത്തുന്ന ആഷ്‌ലിയെ കാണുമ്പോഴാണ് ഈ മാറ്റം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്നത്. അതുവരെ പ്രേക്ഷകര്‍ കണ്ടിരുന്ന, അധികം ഒരുങ്ങാതെ നടക്കുന്ന, തനി നാടന്‍ പെണ്‍കുട്ടിയായ ആഷ്‌ലി തന്നെയാണോ ഇതെന്ന് ഒരു നിമിഷം സംശയിച്ചുപോകും.
അത്രത്തോളം വ്യത്യസ്തമായൊരു ലുക്കിലാണ് ആഷ്‌ലിയെ പ്രേക്ഷകര്‍ കാണുന്നത്. ഒരേസമയം സിംപിളും എലഗന്‍സും ഒത്തുചേരുന്ന ആ ലുക്ക് മമിതയുടെ സ്‌ക്രീന്‍ പ്രസന്‍സിന് പുതിയൊരു തലം നല്‍കുന്നുണ്ട്. കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയും മുഖത്തെ ചെറുഭാവങ്ങളും ശരീരഭാഷയുമെല്ലാം മമിതയുടെ അനായാസമായ പ്രകടനത്തോട് ചേരുമ്പോള്‍ ആഷ്‌ലി കൂടുതല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നു.















