തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ശ്രീജിത്, ആദര്‍ശ്, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ചിന് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. മാര്‍ച്ചിന് നേരെ ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസാണ് പ്രകോപനമുണ്ടാക്കിയതെന്നും സമരക്കാര്‍ തീപ്പന്തം ഹോസ്റ്റലിലേക്ക് എറിഞ്ഞുവെന്നും ഹോസ്റ്റല്‍ വിദ്യാര്‍ഥികളും പറയുന്നു. ഇതോടെ ഹോസ്റ്റലിലേക്ക് കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിതോരണങ്ങള്‍ നശിപ്പിച്ചെന്നും പിന്നാലെ ഇരുപക്ഷവും കല്ലേറും ഏറ്റുമുട്ടലുമായി.
അരമണിക്കൂറോളം നീണ്ട തെരുവുയുദ്ധം പൊലീസെത്തിയതോടെയാണ് ശമിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എസ്എഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.















