തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകുന്നതായി സൂചന. ഉയർന്നുവന്ന അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇന്നലെ ശ്രീലേഖയുമായി നേരിട്ട് ചർച്ച നടത്തി.
രാജിവെക്കുകയോ രാജിക്കത്ത് ഔദ്യോഗികമായി സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. മേയർ വി.വി രാജേഷിനോട് ചില അസംതൃപ്തികൾ പങ്കുവെക്കുക മാത്രമാണ് ശ്രീലേഖ ചെയ്തതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് രാജിവെക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ശ്രീലേഖ സെപ്റ്റംബർ 30ന് മേയർക്ക് രാജിക്കത്ത് നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി നിയമപരമായി പ്രാബല്യത്തിൽ വരാൻ നഗരസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതുമായി ബന്ധപ്പെട്ട് ശ്രീലേഖയ്ക്ക് നേരത്തെ അതൃപ്തിയുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകൾക്ക് പിന്നാലെ രാജി തീരുമാനം പുനഃപരിശോധിക്കുമോയെന്നാണ് ഇനി ശ്രദ്ധേയം.















