സംഗീത പരിപാടികൾക്കായി ബ്രിട്ടനിലേക്കും അയർലൻഡിലേക്കും യാത്ര തിരിക്കുന്ന റാപ് ഗായകൻ വേടന് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവ്.
കേസ് വിവരങ്ങളും കോടതി ഉത്തരവുകളും സമഗ്രമായി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ റീജനൺ പാസ്‌പോർട്ട് ഓഫീസറോടാണ് കോടതി നിർദേശിച്ചത്. വിവിധ കേസുകളിൽ പ്രതിയാണെന്ന കാരണത്താൽ പിസിസി അനുവദിക്കാത്ത നടപടിയെ ചോദ്യം ചെയ്ത് വേടൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നതിന്റെ പേരിൽ മാത്രം ഒരാളുടെ വിദേശയാത്രയ്ക്കുള്ള അവകാശം പൂർണ്ണമായി ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്രിമിനൽ കേസ് നിലവിലുള്ള ഒരാൾക്ക്, കേസ് പരിഗണിക്കുന്ന വിചാരണക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ അർഹതയുണ്ടെന്ന മുൻ ഉത്തരവും കോടതി ഇതിനിടെ ചൂണ്ടിക്കാണിച്ചു.
നിലവിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ഒരു ലഹരിമരുന്ന് കേസിലുമാണ് വേടൻ പ്രതിയായിട്ടുള്ളത്. കേസുകളിൽ പ്രതിയാണെന്ന് കാണിച്ച് പൊലീസ് നൽകിയ പ്രതികൂല വെരിഫിക്കേഷൻ റിപ്പോർട്ടിനെത്തുടർന്നാണ് പ്രത്യേക പിസിസി മാത്രമേ നൽകാനാകൂ എന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്.
തുടർന്നാണ് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പിസിസി അനുവദിക്കാൻ ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്. അതേസമയം, വിദേശയാത്രയ്ക്കായി ബന്ധപ്പെട്ട വിചാരണക്കോടതിയുടെ മുൻകൂർ അനുമതി നിർബന്ധമായും നേടിയിരിക്കണമെന്നും ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.















