Travel

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

ഹിമാലയൻ മലനിരകളുടെ സൗന്ദര്യവും ബുദ്ധന്റെ മണ്ണും കാണാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ നേപ്പാളിലെത്താൻ എളുപ്പവഴിയൊരുക്കി ഇന്ത്യൻ റെയിൽവേ. കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിനുകൾ ഇല്ലെങ്കിലും, അതിർത്തിയോട് അടുത്തുള്ള ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജംഗ്ഷൻ വരെ റാപ്തിസാഗർ എക്സ്പ്രസ് (തിരുവനന്തപുരം നോർത്ത് – ഗോരഖ്പൂർ) വഴി യാത്ര ചെയ്യാം.

തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് ആഴ്ചയിൽ 3 ദിവസമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. 3,248 കിലോമീറ്റർ ദൂരം 56 മണിക്കൂറും 40 മിനിറ്റും കൊണ്ട് (ഏകദേശം 3 ദിവസം) പൂർത്തിയാക്കുന്ന ഈ യാത്ര രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസുകളിലൊന്നാണ്.

യാത്രാ റൂട്ട്:

ഒന്നാം ദിവസം: രാവിലെ 06:35-ന് പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് (കോയമ്പത്തൂർ, ചെന്നൈ സെൻട്രൽ).

രണ്ടാം ദിവസം: ആന്ധ്രാപ്രദേശ് (വിജയവാഡ), മഹാരാഷ്ട്ര (നാഗ്പൂർ), മധ്യപ്രദേശ് (ഇറ്റാർസി, ഭോപ്പാൽ) വഴി സവാരി.

മൂന്നാം ദിവസം: ഉത്തർപ്രദേശിലെ കാൺപൂർ, ലക്നൗ പിന്നിട്ട് ഉച്ചയ്ക്ക് 3:15-ന് ഗോരഖ്പൂരിൽ യാത്ര അവസാനിക്കുന്നു.

ഗോരഖ്പൂരിൽ നിന്ന് ബസ്/ടാക്സി മാർഗം 3 മണിക്കൂർ കൊണ്ട് ഇന്ത്യ-നേപ്പാൾ അതിർത്തിയായ സുനൗലിയിലെത്താം.

ഇന്ത്യൻ പൗരന്മാർക്ക് വിസ ആവശ്യമില്ല (പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി മാത്രം മതി). അതിർത്തി കടന്ന ശേഷം ഭൈരഹവ ബസ് സ്റ്റാൻഡിൽ നിന്ന് കാഠ്മണ്ഡു, പൊഖാറ എന്നിവിടങ്ങളിലേക്ക് നേരിട്ട് വാഹനങ്ങൾ ലഭ്യമാണ്.