Kerala

നീണ്ടകരയിലെ സ്ത്രീധന പീഡനം: യുവതിയെ ഭർത്താവ് മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലം നീണ്ടകര സ്വദേശിയായ അഞ്ജു എന്ന യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ അടിയന്തര നടപടി.

ഭർത്താവ് നന്ദുവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു അഞ്ജുവിന്റെ പരാതി. സൗദിയിൽവെച്ചാണ് യുവതി ഭർത്താവിന്റെ ക്രൂരപീഡനത്തിനിരയായത്. സൗദിയിലെ വീട്ടിൽവെച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ തുടങ്ങിയവ കൊണ്ടെല്ലാം അഞ്ജുവിനെ ഭർത്താവ് മർദിച്ചു.

മർദനമേറ്റ് യുവതിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ഇതിനുപുറമേ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതായും ഭീഷണിപ്പെടുത്തി റെക്കോ‍ർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചതായും യുവതി പറഞ്ഞിരുന്നു.

അഞ്ജുവിന്റെ പരാതിയിൽ ഭർത്താവ് നന്ദു, അ‍ച്ഛൻ ദിനേശ്, അമ്മ ജ​ഗദമ്മ എന്നിവർക്കെതിരേ ചവറ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഈ കേസിൽ പോലീസിന്റെ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരിക്കുന്നത്.