പൂനെയിൽ ഇരുപത്തിമൂന്നുകാരിയായ ഐടി എൻജിനീയർ വൈഷ്ണവി പ്രവീൺ ജരാൻഡെയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്ത്രീധന പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നാരോപിച്ച് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി.
ഭർത്താവിന്റെയും ഭർതൃമാതാപിതാക്കളുടെയും മാനസികവും ശാരീരികവുമായ പീഡനമാണ് വൈഷ്ണവിയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.
കഴിഞ്ഞ മേയ് ഒൻപതിനാണ് ഓംകാർ സഞ്ജയ് ഘിസാരെയുമായുള്ള വൈഷ്ണവിയുടെ വിവാഹം നടന്നത്. വിവാഹത്തിനായി 45 ലക്ഷം രൂപ ചെലവഴിച്ചതായും 14 പവൻ സ്വർണം നൽകിയിരുന്നതായും കുടുംബം വ്യക്തമാക്കി.
എന്നാൽ കാർ വാങ്ങുന്നതിനായി അഞ്ചുലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും വൈഷ്ണവിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.















