കളമശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണം നടന്ന ഉണിച്ചിറയിലെ ‘ഡിലൈറ്റ് ആയുർവേദിക് വെൽനെസ് സ്പാ’ 2025 മാർച്ച് 31 മുതൽ പ്രവർത്തിച്ചിരുന്നത് മുനിസിപ്പൽ ലൈസൻസില്ലാതെയാണെന്ന് കണ്ടെത്തി.
സ്ഥാപനത്തിനെതിരെ സമീപവാസികൾ പലപ്പോഴും പരാതി നൽകുകയും ലൈസൻസ് പുതുക്കാൻ നഗരസഭ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും നടത്തിപ്പുകാർ വഴങ്ങിയിരുന്നില്ല. തുടർന്ന് പോലീസ് ഇടപെട്ടാണ് സ്പാ അടച്ചുപൂട്ടിയത്.
സർക്കാരിന്റെ ലൈസൻസ് ഷെഡ്യൂളിൽ മസാജ് സ്പാകൾക്കു ലൈസൻസ് നൽകണമെന്നു വ്യവസ്ഥയുണ്ട്. ഇതിനായി ഡോക്ടറുടെ സർട്ടിഫിക്കറ്റ്, പഞ്ചകർമ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ നിർബന്ധമാണ്.
പീഡനം നടന്ന വട്ടേക്കുന്നത്തെ ലോഡ്ജ് അനാശാസ്യ പ്രവർത്തനങ്ങളും ലഹരിമരുന്നു കൈമാറ്റവും കൊണ്ടു കുപ്രസിദ്ധമായ ലോഡ്ജാണ്. പതിനഞ്ചോളം പ്രാവശ്യം ഇവിടെനിന്നു ലഹരിമരുന്നു പിടികൂടിയിട്ടുണ്ട്. ഈ ലോഡ്ജിൽ ഒരാളെ ബന്ദിയാക്കി താമസിപ്പിക്കുകയും പൊലീസെത്തി മോചിപ്പിക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ചേർത്തല കഞ്ഞിക്കുഴി എസ്എൻ പുരം പനമ്പടപുത്തൻവീട്ടിൽ ശരണ്യ ശശി (30), തൃശൂർ മുത്രത്തിക്കര വടേരിയാട്ടിൽ വി.എസ്.സഞ്ജയ്(20) എന്നിവരെ ചൊവ്വാഴ്ച രാത്രി വയനാട്ടിലെ പുൽപള്ളിയിൽനിന്നു പൊലീസ് പിടികൂടിയിരുന്നു. ജോലി ശരിയായി എന്നു പറഞ്ഞ് യുവതിയെ ലോഡ്ജിലേക്കു വിളിച്ചു വരുത്തിയത് ശരണ്യയാണ്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു. പ്രതികളായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഇവരെ തെളിവെടുപ്പിനായി 3 ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് പീഡനം നടന്ന വട്ടേക്കുന്നത്തെ ലോഡ്ജിലെത്തിച്ചു തെളിവെടുപ്പു നടത്തി. ശരണ്യയെയും സഞ്ജയിനെയും പിന്നീടു കസ്റ്റഡിയിൽ വാങ്ങും. വയനാട്ടിൽനിന്നു പിടിയിലായ ഇരുവരെയും ഇന്നലെ ഉച്ചയ്ക്ക് 1.55ന് കളമശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ മുഖം മറച്ചാണു കൊണ്ടുവന്നത്.















