സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് തായ്‌ലൻഡ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ശേഷം പണം കൈക്കലാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ഇർഫാനാണ് പൊലീസിന്റെ പിടിയിലായത്. തായ്‍ലൻഡ് സ്വദേശിയായ ഉപ്സോണിന്റെ പരാതിയിലാണ് പൊലീസ് നടപടി.
റസ്റ്ററന്റ് നടത്തിപ്പുകാരിയായ ഉപ്സോണും കാൺപൂരിലെ തുകൽ വ്യാപാരിയായ ഇർഫാനും സമൂഹ മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. ആദ്യം ഇരുവരും തമ്മിൽ സൗഹൃദമായിരുന്നു. പിന്നാലെ അത് പ്രണയബന്ധമായി മാറി. അവിവാഹിതനാണ് എന്നു പറഞ്ഞാണ് ഇർഫാൻ ഉപ്സോണിനെ പരിചയപ്പെട്ടത്. രണ്ട് വർഷം മുൻപ് ഉപ്സോണിനെ കാണാനായി ഇർഫാൻ തായ്‍ലൻഡിലേക്ക് പോയി. അവിടെവച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു.
വിവാഹത്തിന് പിന്നാലെ ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമാണെന്ന് പറഞ്ഞ് ഇർഫാൻ ഉപ്സോണിനോട് പണം ആവശ്യപ്പെട്ടു. പിന്നാലെ യുവതി ഇർഫാൻ 60 ലക്ഷം രൂപ നൽകി. റസ്റ്റോറന്റിൽ നിന്നുള്ള വരുമാനവും കുടുംബാംഗങ്ങളോട് കടം വാങ്ങിയുമാണ് ഉപ്സോൺ പണം കണ്ടെത്തിയത്. എന്നാൽ പണം ലഭിച്ച ശേഷം ഇർഫാൻ ഉപ്സോണുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിപ്പോയെന്നും യുവതി പറയുന്നു.
മാസങ്ങളോളം ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഇല്ലാതായതോടെ യുവതി ഇന്ത്യയിലേക്ക് തിരിക്കാൻ തീരുമാനിച്ചു. 2026 ഒക്ടോബർ 6-ന് യുവതി കാൺപൂരിലെ ഇർഫാന്റെ വീട്ടിലെത്തി. എന്നാൽ അപ്പോഴാണ് ഇർഫാൻ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് യുവതിയ്ക്ക് മനസ്സിലായത്. ഇർഫാൻ 12 വർഷം മുൻപ് വിവാഹിതനായതാണെന്നും അയാൾക്ക് 3 മക്കളുണ്ടെന്നും യുവതി കണ്ടെത്തി.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇർഫാൻ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും മതം മാറാൻ നിർബന്ധിപ്പിച്ചെന്നും യുവതി പറഞ്ഞു. പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.















