പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് തന്ത്രപ്രധാനമായ നാവിക വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സമൂഹമാധ്യമം വഴിയുള്ള ഹണിട്രാപ്പിൽ കുടുങ്ങിയാണ് ഇയാൾ രഹസ്യ വിവരങ്ങൾ കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബംഗാൾ സ്വദേശിയായ 31കാരൻ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസ് കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.
ഒക്ടോബർ മൂന്നിന് കോയമ്പത്തൂരിലെ നാവികസേനയുടെ ലീഡർഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ ഐഎൻഎസ് അഗ്രണിയിൽ നിന്നാണ് അറസ്റ്റ്. മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് വിവരം.
2014ലാണ് പ്രദീപ് മുഖർജി ഇന്ത്യൻ നാവികസേനയിൽ ചേർന്നത്. പിന്നീട് വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഏതാനും മാസങ്ങൾക്ക് മുൻപാണ് സമൂഹമാധ്യമത്തിലൂടെ ഒരു യുവതി പ്രദീപുമായി ബന്ധപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ ഓൺലൈൻ സൗഹൃദം വളർന്നു. ഈ ബന്ധം മുതലെടുത്താണ് പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജന്റ് ഇയാളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.വിശാഖപട്ടണം നേവൽ ബേസിന്റെ പ്രവർത്തനങ്ങൾ, യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ, തന്ത്രപ്രധാനമായ നാവിക ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ഇയാൾ കൈമാറിയെന്നാണ് ആരോപണം.
ക്രോസ്-ബോർഡർ ചാരവൃത്തിയും തീവ്രവാദ ഭീഷണികളും അന്വേഷിക്കുന്ന ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെല്ലാണ് കേസിൽ അന്വേഷണം നടത്തുന്നത്. നാവികസേനാംഗത്തിന്റെ ചില ഡിജിറ്റൽ ഇടപാടുകളിൽ സംശയം തോന്നിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇയാളെ നിരീക്ഷണത്തിലാക്കിയ അന്വേഷണ സംഘം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും ഇയാളുടെ ഡിജിറ്റൽ ഇടപാടുകളും പാക്കിസ്ഥാൻ ഏജന്റുമായുള്ള ബന്ധവും സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.















