കേരളത്തിലെ ആറ് മുൻസിപ്പൽ കോർപ്പറേഷനുകളെ ബന്ധിപ്പിച്ച് കേരള തപാൽ സർക്കിൾ നടപ്പിലാക്കുന്ന ‘അഷ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി’ സേവനത്തിന് തുടക്കമായി. ലോക തപാൽ ദിനാഘോഷങ്ങളുടെയും ദേശീയ തപാൽ വാരാഘോഷത്തിന്റെയും ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ. അമിതാഭ് സിംഗ് ഐപിഒഎസ് ആറ് കോർപ്പറേഷൻ മേയർമാർക്ക് കത്ത് പോസ്റ്റ് ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേവലം കത്തുകൾ അയക്കുന്നതിലുപരി, ഒരു പ്രമുഖ സാമ്പത്തിക-ബാങ്കിംഗ് സ്ഥാപനമായും ഇ-കോമേഴ്സ് ലൊജിസ്റ്റിക്സ് ശൃംഖലയായും ഇന്ത്യാ പോസ്റ്റ് മാറിയിരിക്കുന്നുവെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സിപിഎംജി പറഞ്ഞു.
ഇന്ത്യാ പോസ്റ്റ് വഴി രാജ്യത്ത് ഏറ്റവും കൂടുതൽ പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി. വി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കശ്മീർ മുതൽ കന്യാകുമാരി വരെ ബന്ധിതമായ ശൃംഖലയുള്ള ഏക സംവിധാനമാണ് ഇന്ത്യാ പോസ്റ്റിന്റേതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാധിഷ്ഠിതമായ ആധുനികവത്കരണം തപാൽ വകുപ്പിൽ നടപ്പിലാക്കണമെന്നും മേയർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകൾക്കിടയിൽ ബുക്ക് ചെയ്ത സ്പീഡ് പോസ്റ്റ് പാഴ്സലുകളും സ്പീഡ് പോസ്റ്റ് രേഖകളും അടുത്ത പ്രവൃത്തി ദിവസം ലഭ്യമാക്കുന്നതാണ് പദ്ധതി.
അധിക ചാർജിലാതെയാണ് ഇത് നടപ്പിലാക്കുന്നത്. തിരുവനന്തപുരം–കണ്ണൂർ റൂട്ടിൽ വകുപ്പ് നടപ്പിലാക്കിയ വിപുലമായ റോഡ് ഗതാഗത സൗകര്യം വഴിയാണ് ഈ സേവനം സാധ്യമാക്കിയിരിക്കുന്നത്. ഇത് സമയനഷ്ടം കുറയ്ക്കുന്നതോടൊപ്പം വഴിമധ്യേയുള്ള ഇന്റഗ്രേറ്റഡ് ഡെലിവറി സെന്ററുകളിലും തപാൽ ഓഫീസുകളിലും രണ്ടാം ഘട്ട ഡെലിവറി ഉറപ്പാക്കുകയും ചെയ്യുന്നു. പദ്ധതിയെ കുറിച്ച് എ. ഡി. മെയിൽസ് സി. ഒ. ശ്രീ. ബൈജുകുമാർ ബി. എൽ. വിവരിച്ചു. “സഫായ് മിത്രങ്ങൾ – ശുചിത്വത്തിന്റെ കാവൽക്കാർ” എന്ന പ്രമേയത്തിലെ പ്രത്യേക കവർ സിപിഎംജി ശ്രീ. അമിതാഭ് സിംഗ് ഐപിഒഎസ് തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി. വി. രാജേഷിന് നൽകി പ്രകാശനം ചെയ്തു. തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.
അന്താരാഷ്ട്ര തലത്തിൽ നടന്ന കത്തെഴുത്ത് മത്സരത്തിൽ വിജയിച്ച കുമാരി ശിഖയ്ക്ക് 10000 രൂപ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. കേരള സർക്കിൾ ഡയറക്ടർ പോസ്റ്റൽ സർവീസസ് (എച്ച്ക്യു) ശ്രീ. എൻ. ആർ. ഗിരി ഐപിഒഎസ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്സ് ശ്രീമതി ഗോവാഡ നവ്യ ശ്രീ ഐപിഒഎസ് നന്ദി പറഞ്ഞു. തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയർ ശ്രീമതി ആശാനാഥ് ജി എസ്, തിരുവനന്തപുരം നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ എംആർ ഗോപൻ, ഡയറക്ടർ ഓഫ് അക്കൗണ്ട് പോസ്റ്റൽ ശ്രീമതി വൈഷ്ണവി ഡി എന്നിവർ പങ്കെടുത്തു.
ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിൻ്റെ കുത്തേറ്റിട്ടും ധൈര്യം കൈവിടാതെ പോരാടിയ ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരമായി പ്രത്യേക തപാൽ കവർ കേരള തപാൽ സർക്കിൾ പുറത്തിറക്കി. സ്മിത് മച്ഛാറിന്റെ പിതാവ് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.”ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആദരിക്കുന്നു – സമാനതകളില്ലാത്ത ധീരതയ്ക്കും നിസ്വാർത്ഥ സേവനത്തിനും അഭിവാദ്യം” എന്ന പ്രമേയത്തിലുള്ള പ്രത്യേക കവർ സിപിഎംജി ശ്രീ. അമിതാഭ് സിംഗ് ഐപിഒഎസ് തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി. വി. രാജേഷിന് നൽകി പ്രകാശനം ചെയ്തു. സ്മിത് മച്ഛാറിൻ്റെ ധീരതയെ വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇത്തരമൊരു ആദരം ഒരുക്കുന്നത്.















