മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി) നടത്തുന്ന ജന്തർമന്തർ പ്രക്ഷോഭം ഇന്ന്. രാവിലെ 10 മണിക്ക് സമരം ആരംഭിക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. സിജെപി നേതാക്കളായ അഭിജിത് ദീപ്കെ ഉൾപ്പടെയുള്ളവർ രാവിലെ 9.30 നാണ് ഡൽഹി വിമാനത്താവളത്തിൽ എത്തുക. നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ട്. ഇടത് പാർട്ടികളും വിദ്യാർഥി യുവജന സംഘടനകളും യൂത്ത് ലീഗ് ഫ്രട്ടേണിറ്റി തുടങ്ങി സംഘടനകളും പ്രതിഷേധത്തിന്‍റെ ഭാഗമാകും.
സമരത്തെ നേരിടാൻ വിപുലമായ സംവിധാനങ്ങളാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അർധ സൈനികരടക്കം 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 57 മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. രാവിലെ 4 മുതൽ ഉച്ചക്ക് 2 വരെ ട്രെയിൻ യാത്ര തടസപ്പെട്ടേക്കും. വിദ്യാർഥികളും യുവാക്കളും സമരത്തിലേക്ക് എന്താതിരിക്കാനും ഡൽഹി പോലീസ് ശ്രമിക്കുന്നുണ്ട്.
വിലക്ക് മറികടന്ന് സിജെപി പ്രവർത്തകർ തലസ്ഥാനത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് മേധാവിമാർക്ക് കത്തയച്ചു. ഡൽഹി പോലീസുമായും രഹസ്യാന്വേഷണ ഏജൻസികളുമായും അതിർത്തി നിരീക്ഷണ വിഭാഗങ്ങളുമായും ഏകോപനം ശക്തമാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും കത്തിൽ നിർദേശിക്കുന്നു.
ജന്തർ മന്തർ, ജൻപഥ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, ഡൽഹി പോലീസ് ആസ്ഥാനം എന്നിവ ഉൾപ്പെടുന്ന ഒന്നര കിലോമീറ്റർ ചുറ്റളവ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഈ മേഖലയിൽ മാത്രം 6,500ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള റോഡുകളിൽ ഏഴ് അടിയോളം വരുന്ന മൾട്ടി-ലെയർ ബാരിക്കേഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് അനുമതിയില്ലെന്നും മുദ്രാവാക്യം വിളിക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ പോലീസിനെ ആക്രമിക്കുകയോ ചെയ്യരുതെന്നും വ്യക്തമാക്കുന്ന റെക്കോർഡ് ചെയ്ത അറിയിപ്പുകൾ ഉച്ചഭാഷിണികളിലൂടെ നിരന്തരം നൽകുന്നുണ്ട്.















