വീടുകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറകളുടെ (CCTV) സുരക്ഷ കർശനമാക്കണമെന്ന് താമസക്കാർക്കും ഉടമകൾക്കും ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്.
സുരക്ഷാ ക്രമീകരണങ്ങളിലെ ചെറിയൊരു അശ്രദ്ധ പോലും വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനും വലിയ സൈബർ സുരക്ഷാ ഭീഷണികൾക്കും കാരണമായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
ക്യാമറകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ബോധവൽക്കരണ വീഡിയോയും മുനിസിപ്പാലിറ്റി പുറത്തുവിട്ടിട്ടുണ്ട്.
ക്യാമറകൾ വാങ്ങുമ്പോൾ നൽകുന്ന ഡിഫോൾട്ട് പാസ്‌വേഡുകൾ മാറ്റി ഉടൻ തന്നെ ശക്തമായ പുതിയ പാസ്‌വേഡുകൾ നൽകണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
കൂടാതെ, സുരക്ഷാ സംവിധാനങ്ങൾ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുക, ഉപയോഗത്തിലില്ലാത്ത സമയത്ത് ക്യാമറകൾ ഓഫ് ചെയ്യുക, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകൾ തുറക്കാതിരിക്കുക, ലോഗിൻ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.