റഷ്യയുമായി യുദ്ധസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്ക് കർശന മുന്നറിയിപ്പുമായി നോർവേ. യുദ്ധമുണ്ടായാൽ ജനങ്ങളുടെ സ്വകാര്യ സ്വത്തുക്കൾ സൈന്യത്തിന് ഉപയോഗിക്കേണ്ടി വരുമെന്നാണ് നോർവീജിയൻ സായുധ സേന വ്യക്തമാക്കുന്നത്.
യുദ്ധസമാനമായ സാഹചര്യം ഉടലെടുത്താൽ സൈന്യത്തിന് പൗരൻമാരുടെ വാഹനങ്ങൾ, ബോട്ടുകൾ, മറ്റ് സ്വത്തുക്കളും പിടിച്ചെടുത്തു ഉപയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നൽകിയത്. ഇതുവരെ 13,000 പൗരന്മാർക്കാണ് ഈ സന്ദേശം കൈമാറിയത്.
യുദ്ധസമയത്ത്, രാജ്യത്തിന്റെ പ്രതിരോധത്തിന് വേണ്ടിവരുന്ന വസ്തുക്കൾ സായുധ സേനയ്ക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കാനാണ് ഈ സന്ദേശത്തിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് നോർവീജിയൻ സൈന്യം പറഞ്ഞു. ഇപ്പോൾ കൈമാറിയ സന്ദേശത്തിന് ഒരു വർഷമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. മുൻപും ഇത്തരത്തിലുള്ള സന്ദേശങ്ങൾ സൈന്യം കൈമാറിയിട്ടുണ്ട്.
ആർട്ടിക് മേഖലയിൽ തന്ത്രപരമായ സ്ഥാനമാണ് നോർവേയ്ക്കുള്ളത്, ഇവിടെ റഷ്യയുമായി സമുദ്രാതിർത്തിയും കര അതിർത്തിയും പങ്കിടുന്നു.ആർട്ടിക് മേഖലയിൽ റഷ്യയും ചൈനയും സാന്നിധ്യം വിപുലീകരിക്കാൻ പദ്ധതിയിടുന്നതാണ് നാറ്റോ അംഗം കൂടിയായ നോർവേയുടെ ആശങ്ക കൂട്ടുന്നത്.
അതേസമയം ഗ്രീൻലാൻഡിനുമേലുള്ള പരമാധികാരം പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾ തുടരവേയാണ് നോർവേയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.
















