തിരുവനന്തപുരം: ആഗോള മൂലധന നിക്ഷേപം ലഭ്യമാക്കാനും ഗള്‍ഫ് മേഖലയിലെ ബിസിനസ് സാധ്യതകള്‍ ഇന്ത്യന്‍ ടെക്നോളജി സംരംഭകര്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കാനും ലക്ഷ്യമിട്ട് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സംഘടിപ്പിക്കുന്ന ‘ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍’ റോഡ്ഷോ ഒക്ടോബര്‍ 12-ന് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടക്കും. ജൈടെക്സ് ഗ്ലോബല്‍ 2026-ന്റെ ഭാഗമായി നടക്കുന്ന ‘എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍’ മേളയിലൂടെ ദുബായിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പരിചയപ്പെടാന്‍ ഇന്ത്യന്‍ സംരംഭകര്‍ക്ക് അവസരമൊരുക്കും.
ടെക്നോപാര്‍ക്ക് ഫേസ് ഒന്നിലെ പാര്‍ക്ക് സെന്ററിലുള്ള ട്രാവന്‍കൂര്‍ ഹാളില്‍ ഒക്ടോബര്‍ 12-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍, ഇന്‍കുബേറ്ററുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദുബായിലെ വിപണി സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-നിക്ഷേപക സംഗമമായ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാറില്‍ പങ്കെടുക്കുന്നതിന്റെ നേട്ടങ്ങളും പരിപാടിയില്‍ വിശദീകരിക്കും.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കന്യാകുമാരി, കോയമ്പത്തൂര്‍, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ സാങ്കേതിക സംരംഭകരെയും ബിസിനസ് സമൂഹങ്ങളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 സംരംഭകര്‍ക്ക് ദുബായില്‍ ഏഴ് ദിവസത്തെ പ്രത്യേക ബിസിനസ് സന്ദര്‍ശന പരിപാടി ഒരുക്കും. എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, ജൈടെക്സ് ഗ്ലോബല്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള ഈ അവസരത്തിലൂടെ നിക്ഷേപകര്‍, ആഗോള ഉപഭോക്താക്കള്‍, വ്യവസായ പങ്കാളികള്‍ എന്നിവരുമായി നേരിട്ട് ബന്ധപ്പെടാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കും.
ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, ടെക്നോപാര്‍ക്ക്, സ്റ്റാര്‍ട്ടപ്പ് ടി.എന്‍, കര്‍ണാടക ഡിജിറ്റല്‍ ഇക്കോണമി മിഷന് (കെ.ഡി.ഇ.എം), ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക്, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്), ജി-ടെക്, വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജോലിസ്ഥലം എന്നതിലുപരി സംരംഭകര്‍ക്ക് വളരാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനുമുള്ള അന്തരീക്ഷമൊരുക്കുകയാണ് ലക്ഷ്യമെന്ന് സെന്‍ട്രല്‍ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റഫീസ് റഹ്മത്തുള്ള പറഞ്ഞു. ദുബായിലെ പുതിയ വിപണികളും പങ്കാളിത്തങ്ങളും പ്രയോജനപ്പെടുത്തി ബിസിനസ് അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്താന്‍ ഇന്ത്യന്‍ സംരംഭകര്‍ക്ക് ഈ സംരംഭം കരുത്തേകുമെന്നും, മേളയ്ക്ക് ശേഷവും നിലനില്‍ക്കുന്ന ദീര്‍ഘകാല ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റാലിറ്റി ബിസിനസ് ഹബ്ബായ സെന്‍ട്രല്‍, എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ 2026-ന്റെ ഇക്കോസിസ്റ്റം പാര്‍ട്ണര്‍ കൂടിയാണ്.















