മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ്, കെ.എന്‍. ബാലഗോപാല്‍ അടക്കമുള്ള നേതാക്കളെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചു. ഇവിടെയാണ് ഇവരെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നത്. മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സി.ഐ.ടി.യു. നേതാവ് എളമരം കരീം, സിപിഐ നേതാവ് പ്രകാശ് ബാബു തുടങ്ങിയവരെ സിങ്കു അതിര്‍ത്തിക്കടുത്തുള്ള ബുരാരിയില്‍ എത്തിച്ചതായാണ് വിവരം. മണിക്കൂറുകളോളം നഗരം ചുറ്റിച്ച ശേഷമാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജയില്‍പോലെ അറകളുള്ള വാഹനത്തിലാണ് തങ്ങളെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോയതെന്ന് പി. രാജീവ് പറഞ്ഞു.
‘ഒരു മണിക്കൂറോളം ആയി വാഹനത്തില്‍. അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്. കേരള ഹൗസില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍തന്നെ എല്ലാവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ച്ചയായി ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറോളമായി. നാല് അറകളാണ് വാഹനത്തില്‍ ഉള്ളത്. 15 പേരാണ് ഒപ്പം ഉള്ളത്. പോലീസിന്റെ ബലപ്രയോഗത്തില്‍ പലര്‍ക്കും പരിക്കുണ്ട്’- പി. രാജീവ് പറഞ്ഞു.
‘പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്ത് ഞങ്ങളെ എങ്ങോട്ടോ കൊണ്ടുവന്നിരിക്കുകയാണ്. 25-ഓളം പ്രവര്‍ത്തകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ബുരാരിയിലാണ് ഇപ്പോള്‍ ഞങ്ങളെ എത്തിച്ചിരിക്കുന്നത്. സിപിഎം നേതാക്കളൊക്കെ ഇവിടെ ഉണ്ട്. ഒരു മുറിയില്‍ കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്. വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറുന്നത്.’- എളമരം കരീം പറഞ്ഞു.
‘ഒരു മണിക്കൂറോളം നഗരത്തില്‍ റോന്ത് ചുറ്റിച്ച ശേഷം ഛത്രസാല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചിരിക്കുകയാണ്. എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം എന്ന് അറിയില്ല. സാമാന്യ മര്യാദയില്ലാതെയാണ് പോലീസ് പെരുമാറുന്നത്. ഫോട്ടോ എടുത്താല്‍ പേടിപ്പിക്കുന്ന അവസ്ഥയാണ്. ഇതാണ് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.’- ജോണ്‍ ബ്രിട്ടാസ് എം.പി. പറഞ്ഞു. അതേസമയം ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളിന്റെ വസതിക്ക് മുമ്പില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.